തലശ്ശേരി: പാര്‍ക്കില്‍ സ്‌നേഹപ്രകടനം നടത്തി ഒളിക്യാമറയില്‍ പതിഞ്ഞത് ഒട്ടേറെപ്പേരുടെ ദൃശ്യങ്ങള്‍. സല്ലാപവും അതിരുവിട്ട സ്‌നേഹപ്രകടനവും ഇവയിലുണ്ട്.
തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക്മെയില്‍ നടത്തി പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്.
ഓവര്‍ബറീസ് ഫോളിയിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാല്‍ പുറത്തുനിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. കമിതാക്കള്‍ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ ചിലരാണ് സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈല്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യം ചിത്രീകരിച്ചത്. ഇയാള്‍ പിന്നീട് പലര്‍ക്കും കൈമാറി. അത് ലഭിച്ചവരും കൈമാറി. സംഭവം പുറത്തറിഞ്ഞു. ഇതോടെ പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം തുടങ്ങി.
തുടക്കത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അതിനുശേഷം കമിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.
അതിരുവിടരുതെന്ന് മുന്നറിയിപ്പ്
ഒളിക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കൈമാറിയവരെ പിടികൂടുമെന്ന് തലശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.വി. ബിജു പറഞ്ഞു. പൊതുസ്ഥലത്ത് അതിരുവിട്ട സ്‌നേഹപ്രകടനം പാടില്ല. ചിത്രീകരിക്കുന്നതും കൈമാറുന്നതും കുറ്റമാണ്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ അതിരുവിട്ട സ്‌നേഹപ്രകടനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഒളിക്യാമറ ചിത്രീകരണം. കമിതാക്കളുടെയും ദമ്പതിമാരുടെയും കല്യാണം നിശ്ചയിച്ചവരുടെയും സ്വകാര്യതയാണ് ഒളിക്യാമറ പകര്‍ത്തിയത്. അശ്ലീലസൈറ്റുകളില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചു.
ഇതോടൊപ്പം ദൃശ്യങ്ങള്‍ പല വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പോലീസ് കുറ്റവാളികളെ കണ്ടെത്തിയത്. കേസില്‍ പന്ന്യന്നൂരിലെ വിജേഷ് (30), മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് മറ്റുള്ളവര്‍ക്ക് കൈമാറിയതെന്നും പോലീസ് പറഞ്ഞു.