തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്

0
63

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്.
ഡല്‍ഹിയിലെ പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞയാഴ്ച ജഡ്ജി പ്രവീണ്‍ സിങ് കേസില്‍ യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ പിഴ തീരുമാനിക്കുന്നതിന് യാസിന്‍റെ സാമ്ബത്തിക സ്ഥിതി പരിശോധിക്കാന്‍ എന്‍.ഐ.എക്ക് കോടതി നിര്‍ദേശവും നല്‍കി. കേസില്‍ വധ ശിക്ഷ നല്‍കണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടത്.

നിരോധിത തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തും പണം സമാഹരിച്ച്‌ എത്തിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ പണം വിനിയോഗിച്ച്‌ കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തിയെന്നാണ് കേസ്.

തീവ്രവാദമുള്‍പ്പെടെ തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ എതിര്‍ക്കുന്നില്ലെന്ന് യാസിന്‍ മാലിക് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കശ്മീരി വിഘടനവാദി നേതാവ് ഫറൂഖ് അഹ്മദ് ധര്‍, ഷബീര്‍ ഷാ, മസറത്ത് ആലം, മുഹമ്മദ് യൂസഫ് ഷാ, അഫ്താബ് അഹമ്മദ് ഷാ, അല്‍താഫ് അഹമ്മദ് ഷാ, നയീം ഖാന്‍, മുഹമ്മദ് അക്ബര്‍ ഖണ്ഡായ്, രാജ മെഹ്റാജുദ്ദീന്‍ കല്‍വാല്‍, ബഷീര്‍ അഹമ്മദ് ഭട്ട്, സഹൂര്‍ അഹമ്മദ് ഷാ വത്തലി, ഷബീര്‍ അഹമ്മദ് ഷാ, അബ്ദുല്‍ റാഷിദ് ശൈഖ്, നവല്‍ കിഷോര്‍ കപൂര്‍ എന്നിവര്‍ക്കെതിരെ കോടതി നേരത്തേ കുറ്റം ചുമത്തിയിരുന്നു.

ലശ്കറെ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സഈദ്, ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം നല്‍കിയിരുന്നു.