മറ്റൊരു നടിക്ക് അവസരം നല്‍കിയതിനാലാണ് തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചത്; ഉപഹർജിയുമായി വിജയ് ബാബു

0
97

പുതിയതായി നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് നടനും സംവിധായകനുമായ വിജയ് ബാബു . ഇത് ചൂണ്ടിക്കാട്ടി വിജയ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.
താൻ പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, അങ്ങിനെയല്ലെന്നുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും ഉപഹര്‍ജിയില്‍ പറയുന്നു. യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറില്‍ വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചു.
താൻ ഇപ്പോൾ ഉള്ളത് ദുബായിലാണെന്നും കോടതി നിര്‍ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാമെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. ഈ മാസം 30-ന് രാവിലെ ഒന്‍പതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പും വിജയ് ബാബു കോടതിയില്‍ ഹാജരാക്കി.
തിരികെ നാട്ടിലേക്ക് എത്തിയാലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനടിക്കറ്റ് വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.