കരിപ്പൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടന്ന പ്രതി പോലീസിന്റെ പിടിയിൽ

0
74

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ബഹ്‌റൈനിൽ നിന്നെത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒന്നരക്കോടിയുടെ രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതം പിടിച്ചെടുത്തതായാണ് വിവരം.

ബഹ്‌റൈനിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു പ്രതി കരിപ്പൂരിലെത്തിയത്. മിശ്രിത രൂപത്തിലുള്ള 2,018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി പ്രതിയുടെ അരയിൽ കെട്ടിവച്ചിരുന്നു. ശരീരത്തിന്റെ രഹസ്യഭാഗത്ത് മൂന്നു സ്വർണ ഉരുളകൾ ഒളിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പോലീസ് സ്വർണം പിടിച്ചത്. രണ്ട് മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 14 കോടി രൂപയുടെ സ്വർണമാണെന്നും പോലീസ് അറിയിച്ചു.