വ്യഭിചാര കേന്ദ്രത്തിൽ കയറി യുവതി-യുവാക്കളുടെ പണവും മൊബൈലുകളും കൈക്കലാക്കി; കോഴിക്കോട് മൂന്ന് പേർ അറസ്റ്റിൽ

0
68

കോഴിക്കോട്: വ്യഭിചാര കേന്ദ്രത്തിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്ത് വീട്ടിൽ അരുൺ ദാസ് (28) ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25) മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് ഒഴുകരയിലുള്ള നെസ്റ്റ് അപ്പാർട്ട്‌മെന്റ് എന്ന ഫ്‌ളാറ്റിലാണ് വ്യഭിചാരം നടന്നിരുന്നത്. ഇവിടേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ യുവതികളെയും യുവാക്കളെയും ആക്രമിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തി 17,000 രൂപയും മൊബൈൽ ഫോണുകളും കൈക്കലാക്കി. വിലകൂടിയ സൺഗ്ലാസും ജാക്കറ്റും ഇവർ കവർന്നതായും പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പിടിയിലായത്.

കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. സുദർശൻ, ഇൻസ്‌പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.