Saturday
10 January 2026
20.8 C
Kerala
HomeIndiaരാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു; ആറ് മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍

രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു; ആറ് മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ചൊവ്വാഴ്ച മുതല്‍ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചെമ്മീന്‍ ഫാമില്‍ ജോലിചെയ്യുന്ന ആറ് മറുനാടന്‍ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കടല്‍ത്തീരത്തുനിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവര്‍ രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ ഭര്‍ത്താവ് രാമേശ്വരം വടക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകള്‍ക്ക് ശേഷം ചെമ്മീന്‍ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തില്‍ ചെമ്മീന്‍ ഫാമിലെ ആറ് മറുനാടന്‍ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു രാമേശ്വരം എസ്.പി. ഇ. കാര്‍ത്തിക്കിന്റെ പ്രതികരണം.
അതേസമയം, സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേരാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. കസ്റ്റഡിയിലുള്ളവര്‍ ജോലിചെയ്യുന്ന ചെമ്മീന്‍ ഫാമിലേക്ക് ഇരച്ചെത്തിയ നാട്ടുകാര്‍ ഫാം അടിച്ചുതകര്‍ക്കുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments