അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മരിച്ച കുട്ടികളുടെ എണ്ണം 18 ആയി. ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരും അക്രമത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കുണ്ട്. ആക്രമത്തിന് പിന്നില്‍ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കൊലയാളിയുടെ ഉദ്ദേശം ഇതുവരെ പൊലീസിന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്. 600ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസാണ് വെടിവെയ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പില്‍ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ ചികിത്സയ്ക്കായി സാന്‍ അന്റോണിയോയിലേക്ക് മാറ്റി.അതേസമയം വെടിവയ്പുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനയ്‌ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.