ഇന്ന് കൊച്ചിയിലെത്തണം; ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; വിജയ് ബാബുവിന് മുന്നറിയിപ്പുമായി കേരള പോലീസ്

0
114

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വിദേശത്തേക്ക് മുങ്ങിയ പ്രതി വിജയ് ബാബു കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണ സംഘത്തെ അറിയിച്ചു. ജോർജിയയിൽ നിന്ന് ദുബായിൽ മടങ്ങിയെത്തിയ വിജയ് ബാബു ഉടൻ തന്നെ കൊച്ചിയിലെത്തുമെന്നാണ് വിവരം.

പാസ്‌പോർട്ട് റദ്ദായതോടെ എംബസിയുടെ പ്രത്യേക യാത്രാനുമതി തേടിയാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. അതേസമയം ഇന്ന് വൈകുന്നേരത്തിനുള്ളിൽ എത്തിയില്ലെങ്കിൽ ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുവകകൾ കണ്ടുകെട്ടാൻ പോലീസ് നിയമനടപടി തുടങ്ങിയതോടെയാണ് വിജയ് ബാബു കീഴടങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. ആദ്യം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു കേന്ദ്ര വിദേശകാര്യമന്ത്രാലയം പാസ്‌പോർട്ട് റദ്ദാക്കിയതിന് പിന്നാലെ ജോർജിയയിലേക്ക് കടന്നിരുന്നു. പോലീസ് സംഘം ജോർജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിൽ മടങ്ങി എത്തിയത്.