അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കി

0
102

ചണ്ഡീഗഡ്: അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കി. പുറത്താക്കിയതിന് പിന്നാലെ വിജയ് സിംഗ്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പൊലീസിന്റെ ആന്റി കറപ്ഷൻ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. വിജയ് സിംഗ്ലക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും അഴിമതി വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
ആരോഗ്യവകുപ്പിലെ ചില ടെണ്ടറുകൾക്കായി കമ്മീഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിയെ പുറത്താക്കിയത്. വകുപ്പിലെ ടെണ്ടറുകൾക്കും പർച്ചേസുകൾക്കും ഒരു ശതമാനം കമ്മീഷനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളോ പ്രതിപക്ഷമോ അറിഞ്ഞിരുന്നില്ല. പക്ഷേ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷിക്കുകയും കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ നടപടി സ്വീകരിക്കുകയുമായിരുന്നുവെന്ന് ഭഗവന്ത് മാൻ പറഞ്ഞു. മന്ത്രി തെറ്റ് സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കിയതിന് പിന്നാലെ സിംഗ്ലയ്ക്കെതിരെ കേസെടുക്കാനും ഭഗവന്ത് മാൻ നിർദേശം നൽകിയിരുന്നു. വിജയ് സിംഗ്ലയെ പുറത്താക്കിയ നടപടി സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ രംഗത്തെത്തി.