വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമയെ പോലീസ് അറസ്റ്റുചെയ്തു

0
68

ബെംഗളൂരു: വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമയെ പോലീസ് അറസ്റ്റുചെയ്തു. ബിഹാര്‍ സ്വദേശി അനില്‍ ശിവശങ്കര്‍ പ്രസാദ് ആണ് അറസ്റ്റിലായത്.
നഗരത്തിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ മാര്‍ച്ചിലാണ് അനില്‍ രവിശങ്കറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പതിവായി വീട്ടില്‍ വരുന്നതിനെ അനില്‍ എതിര്‍ത്തിരുന്നു. ഏപ്രിലില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ ഒരു രാത്രി താമസിക്കാന്‍ വന്നത് അനിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ആണ്‍സുഹൃത്തിനെ പറഞ്ഞുവിട്ടു.
ഇതിനെതിരേ പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ ഈ വിഷയം സംസാരിക്കാനെന്ന പേരില്‍ അനില്‍ പെണ്‍കുട്ടിയുടെ മുറിയിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ ബംഗാളില്‍നിന്ന് വന്ന മാതാപിതാക്കള്‍ അശോക്നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.