തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ബ്രസീലിയന്‍ ആമസോണ്‍ കാടുകളെ പ്രളയം വിഴുങ്ങി. ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളെ ബാധിക്കുന്നത്. ആമസോണ്‍ മഴക്കാടുകളാല്‍ ചുറ്റപ്പെട്ട സ്റ്റേറ്റ് ഓഫ് ആമസോണാസിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ നഗരവുമായ മാനൗസിനെയാണ് പ്രളയം ഏറ്റവും ഗുരുതരമായി ബാധിച്ചത്. 1902 പ്രളയം രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏറ്റവും രൂക്ഷമായ ഏഴ് പ്രളയ ദുരിതങ്ങള്‍ ഇതിനോടകം നഗരം അഭിമുഖീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള ലാ നിനാ പ്രതിഭാസമാണ് കനത്ത മഴയിലേക്കും പ്രളയത്തിലേക്കും നയിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
മാനൗസില്‍ രേഖപ്പെടുത്തിയ അളവ് പ്രകാരം നീഗ്രോ നദിയിലെ ജലനിരപ്പ് 30.02 മീറ്ററിലെത്തി. കഴിഞ്ഞ വര്‍ഷമിത് 29.37 ആയിരുന്നു. ജലനിരപ്പ് ഉയരുന്നത് കൊണ്ട് മാത്രം ആമസോണാസില്‍ 3,67,000 ലക്ഷം പേരാണ് ബാധിക്കപ്പെടുന്നത്. പീക്ക് ഫ്‌ളഡിംഗ് പോലെയുള്ളവ ജൂണ്‍ മധ്യത്തോടെയാണ് സാധാരണയായി മാനൗസിലുണ്ടാവുന്നത്.
ചിലപ്പോള്‍ ആഴ്ചകളോളം വെള്ളക്കെട്ട് തുടരും. കഴിഞ്ഞ വര്‍ഷം 29 അടിയെന്ന ജലനിരപ്പ് 90 ദിവസത്തോളം തുടര്‍ന്നു. മറ്റ് നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ നിലവില്‍ ആമസോണാസില്‍ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം പോലെയുള്ള ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൃഷിയെയാണ്.