പെരിന്തല്‍മണ്ണ : പ്രവാസിയായ അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പൊലീസ് പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പിൽ നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് യഹിയെ പിടികൂടിയത്. പാണ്ടിക്കാട് ഒരു വീടിന്റെ ശുചിമുറിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചും മുറിവേല്‍പിച്ചും കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ നിലയില്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് യഹിയ ആണ്. വഴിയരികില്‍ കണ്ടതാണെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു. ഒമ്ബതുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് പിടിയിലുള്ളത്. ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരും ഉള്‍പ്പെടുന്നു.
രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യവും മൊബൈല്‍ ഫോണും സിം കാര്‍ഡും ഒരുക്കിക്കൊടുത്തതിന് കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ (23) എന്നിവരെ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ഞായറാഴ്ച ചെയ്തിരുന്നു. യഹ്യ, അലിമോന്, അല്‍താഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്.
മേയ് 15നാണ് അബ്ദുല്‍ ജലീല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഭാര്യയെ വിളിച്ചെങ്കിലും പിന്നീട് വീട്ടിലെത്താതായതോടെ മേയ് 16ന് ഭാര്യയും കുടുംബവും അഗളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ ഇടക്ക് ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടതിനാല്‍ പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികള്‍.