യുവനടിയുടെ പീഡന പരാതിയിൽ ഒളിവിൽ പോയ വിജയ് ബാബു ഈ മാസം 30ന് കൊച്ചിയിലെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

0
83

യുവനടിയുടെ പീഡന പരാതിയിൽ ഒളിവിൽ പോയ വിജയ് ബാബു ഈ മാസം 30ന് കൊച്ചിയിലെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകൻ.കൊച്ചിയിൽ തിരിച്ചുവരാനായി വിമാന ടിക്കറ്റ് എടുത്തെന്ന് അഭിഭാഷകൻ പറഞ്ഞു. കൂടാതെ യാത്രാരേഖകളും അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരാക്കി. ഇത് കൂടാതെ മുഴവൻ രേഖകളും നാളെ ഹാജരാക്കാമെന്ന് പ്രതിഭാഗം ഹൈക്കോടതിയെ അറിയിച്ചു. കേസ് കോടതി നാളെ പരിഗണിക്കും.(vijaybabu submits flight ticket kerala highcourt)
മെയ് മാസം മുപ്പതിനുള്ള ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും പ്രതിഭാഗം അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചു. മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു.
കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു.