ഭിക്ഷ യാചിച്ച തുക കൊണ്ട് സ്‌കൂട്ടര്‍ വാങ്ങി; ഭിക്ഷ എടുത്ത് തന്നെ അതിന് പെട്രോളും അടിച്ച് യാചക ദമ്പതികള്‍

0
88

മധ്യപ്രദേശിൽ ഒരു യാചകന്‍ ഭിക്ഷ യാചിച്ച തുക കൊണ്ട് സ്‌കൂട്ടര്‍ വാങ്ങി. സംസ്ഥാനത്തെ ചിന്ത്വാരയിലാണ് സംഭവം. തന്റെ ഭാര്യയ്ക്കായി 90,000 രൂപ വിലയുള്ള സ്‌കൂട്ടറാണ് സന്തോഷ് സാഹു എന്ന യാചകന്‍ വാങ്ങി നല്‍കിയത്. നേരത്തെ ഭിന്നശേഷിക്കാരനായ ഭിക്ഷാടകനെ ട്രൈസൈക്കിളില്‍ തള്ളിക്കൊണ്ട് നടന്നാണ് ഭാര്യ ഭിക്ഷ യാചിച്ചിരുന്നത്.
ഭാര്യ സഹിക്കുന്ന കഷ്ടപ്പാട് കാണുമ്പോള്‍ ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്ന മോഹം സന്തോഷിനും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഓരോ ദിവസവും ഭിക്ഷയായി ലഭിക്കുന്ന തുകയില്‍ നിന്നും മിച്ചം പിടിച്ചാണ് ഇയാള്‍ സ്‌കൂട്ടര്‍ വാങ്ങാനുള്ള തുക സമ്പാദിച്ചത്.
ഇരു കാലുകളും അനങ്ങാത്ത വൈകല്യമുള്ളയാളാണ് സന്തോഷ് സാഹു. അതുകൊണ്ടുതന്നെ ജോലിക്ക് പോകാന്‍ കഴിയാത്ത സന്തോഷിനെ ഭാര്യ ട്രൈസൈക്കിളില്‍ ഇരുത്തി ഉന്തിക്കൊണ്ടാണ് ഭിക്ഷാടനത്തിന് കൊണ്ടു പോയിരുന്നത്. ഭാര്യ മുന്നിയും സാഹുവിനൊപ്പം ഭിക്ഷ യാചിക്കുകയായിരുന്നു. പക്ഷെ മോശം റോഡുകളും മഴയും കാരണം ഭിക്ഷ ചോദിക്കാന്‍ പോകുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.
ദിവസത്തിലെ മുഴുവന്‍ ട്രൈസൈക്കിള്‍ തള്ളേണ്ടി വരുന്നതിനാല്‍ ഭാര്യക്ക് പലപ്പോഴും അസുഖവുമായിരുന്നു. ഈ കാരണങ്ങളാണ് സ്‌കൂട്ടര്‍ വാങ്ങാന്‍ സന്തോഷിനെ പ്രേരിപ്പിച്ചത്. ബസ് സ്റ്റാന്‍ഡുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ഭിക്ഷ യാചിച്ച ദമ്പതികള്‍ 90,000 രൂപ വര്‍ഷങ്ങളെടുത്താണ് സമ്പാദിച്ചത്. ഇപ്പോള്‍ ഭിക്ഷാടനത്തിനായി വീട്ടില്‍ നിന്നും സ്‌കൂട്ടറിലാണ് ഇവരുടെ യാത്ര. ഇപ്പോള്‍ മറ്റൊരു അധിക ചിലവ് ഉള്ളത് നിത്യ ചെലവിനൊപ്പം സ്‌കൂട്ടറില്‍ പെട്രോളടിക്കാനും കൂടി ഭിക്ഷ എടുക്കണം എന്നതാണ്.