Wednesday
17 December 2025
31.8 C
Kerala
HomeKeralaവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ആറ് ലക്ഷത്തിലധികം: മലപ്പുറത്ത് ട്രാവല്‍സ് ഉടമ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ആറ് ലക്ഷത്തിലധികം: മലപ്പുറത്ത് ട്രാവല്‍സ് ഉടമ പിടിയിൽ

മലപ്പുറം: ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി മുങ്ങിയ ട്രാവൽസ് ഉടമ പിടിയിൽ. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവൽസ് ഉടമ ഒഴൂർ ഓമച്ചപ്പുഴ കാമ്പത്ത് നിസാറി(34) നെയാണ് കൽപകഞ്ചേരി ഇൻസ്‌പെക്ടർ പി കെ ദാസും സംഘവും അറസ്റ്റ് ചെയ്തത്.

മാസങ്ങൾക്ക് മുമ്പ് ട്രാവൽസ് അടച്ചുപൂട്ടി വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാർട്ടേഴ്‌സിൽ ഒളിവിൽ താമസിക്കുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. തിരൂർ മംഗലം സ്വദേശി വാൽപറമ്പിൽ ദിനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷാർജയിലെ ഫുഡ് പാർക്കിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 50,000 രൂപയാണ് ഇയാളിൽ നിന്ന് നിസാർ വാങ്ങിയത്. ഇത്തരത്തിൽ മറ്റ് 14 പരാതികളാണ് കൽപകഞ്ചേരി സ്റ്റേഷനിൽ ലഭിച്ചത്. ഇവരിൽ നിന്ന് നിസാർ 6,10,000 രൂപയാണ് തട്ടിയത്.

ഗൾഫ് രാജ്യങ്ങളിൽ നല്ല പിടിപാടുണ്ടെന്നും അതുവഴി നല്ല ശമ്പളമുള്ള ജോലി ശരിയാക്കി തരാമെന്നും വിശ്വസിപ്പിച്ചാണ് നിസാർ ആളുകളെ വലയിൽ വീഴ്ത്തുന്നത്. സുഹൃത്തുക്കൾ വഴിയും പരിചയക്കാർ വഴിയുമൊക്കെയായിരുന്നു ഇയാൾ ആളുകളെ കണ്ടെത്തിയിരുന്നത്. വാട്‌സാപ്പ് വഴിയും ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നു. ഇപ്പോഴും നിരവധി പരാതികളാണ് നിസാറിനെതിരെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും കൽപകഞ്ചേരി ഇൻസ്‌പെക്ടർ പി കെ ദാസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർക്ക് പുറമെ സി പി ഒ മാരായ എ പി ശൈലേഷ്, ജി ഷിബുരാജ് എന്നിവരും ഉണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments