ലോകത്തിലെ ജനസംഖ്യ ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഇരട്ടിച്ചാലും പ്രകൃതിക്ക് ഒരു ദോഷവുമില്ല; ഇലോണ്‍ മസ്‌ക്

0
76

വാഷിങ്‌ടണ്‍: ഭൂമിക്ക് ദോഷമാകുമെന്ന കാരണത്താല്‍ കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്ന ദമ്ബതിമാരുടെ നിലപാടിനെ വിമര്‍ശിച്ച്‌ ടെസ്‌ല, സ്‌പേസ് എക്‌സ് കമ്ബനികളുടെ മേധാവിയായ ഇലോണ്‍ മസ്‌ക്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓള്‍ ഇന്‍ സമ്മിറ്റ്‌ 2022ല്‍ പങ്കെടുക്കവെയാണ് ഏഴ്‌ കുട്ടികളുടെ അച്‌ഛനായ ഇലോണ്‍ മസ്‌കിന്‍റെ പരാമര്‍ശം.

“കുറച്ച്‌ കുട്ടികള്‍ ഉണ്ടാവുന്നതാണ് പ്രകൃതിക്ക് നല്ലതെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. ഈ ചിന്ത പൂര്‍ണമായും അസംബന്ധമാണ്. ലോകത്തിലെ ജനസംഖ്യ ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയായാലും പ്രകൃതിക്ക് ഒരു ദോഷവും വരില്ല,” ഇലോണ്‍ മസ്‌ക് പറഞ്ഞു.

ജപ്പാന്‍ ജനത ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായേക്കാം: ഏറ്റവും കുറഞ്ഞപക്ഷം ഇപ്പോഴുള്ള ജനസംഖ്യയെങ്കിലും നിലനിര്‍ത്തണം. ഇത് മാനവിക നാഗരികത നിലനിര്‍ത്താന്‍ അന്ത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയിലെ കുറവ് അദ്ദേഹം ചൂണ്ടികാട്ടി.

“കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ജനസംഖ്യയില്‍ വന്ന കുറവ് ആറ് ലക്ഷമാണ്. ഇങ്ങനെ ജനന നിരക്ക് കുറഞ്ഞ് കഴിഞ്ഞാല്‍ ജപ്പാന്‍ ജനത ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാവും. തങ്ങള്‍ എങ്ങനെയാണ് ഈ ദുരിതം നിറഞ്ഞ ഭൂമിയിലേക്ക് കുട്ടികളെ കൊണ്ടുവരിക എന്ന് പല ദമ്ബതികളും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചരിത്രത്തിലെ പലഘട്ടങ്ങളെക്കാളും മികച്ച കാലഘട്ടമാണ് നിലിവിലുള്ളത്” – ഇലോണ്‍ മസ്‌ക് പറഞ്ഞു.

തെളിവുകള്‍ നിരത്താതെ മസ്‌ക്: എന്നാല്‍ ജനസംഖ്യ കൂടുന്നത് പ്രകൃതിക്ക് ദോഷമല്ല എന്നതിന്‍റെ തെളിവുകള്‍ ഒന്നും ഇലോണ്‍ മസ്‌ക് നിരത്തുന്നില്ല. വികസിത രാജ്യങ്ങളില്‍ ഒരു കുടുംബത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം ഒന്ന് കുറഞ്ഞാല്‍ അത് കാലവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഒരു വര്‍ഷം 58.6 മെട്രിക് ടണ്ണിന്‍റെ കുറവുണ്ടാക്കുമെന്ന പഠനങ്ങള്‍ ഉണ്ട്. അതേസമയം കുറഞ്ഞ കുട്ടികളല്ല മറിച്ച്‌ ജീവിത ശൈലിയിലെ മാറ്റവും കാലവസ്ഥ സൗഹൃദമായ നയങ്ങളുമാണ് പ്രകൃതിയുടെ സംരക്ഷണത്തിന് ചെയ്യേണ്ടത് എന്ന് പറയുന്ന പഠനങ്ങളുമുണ്ട്. പല വികസിത യൂറോപ്യന്‍ രാജ്യങ്ങളിലും ജനസംഖ്യ കുറഞ്ഞ് വരികയാണ്. ഇത് ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും സാമ്ബത്തിക വളര്‍ച്ചനിരക്ക് കുറയ്‌ക്കുകയുമാണ് ചെയ്യുന്നത്.