ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് അന്ത്യശാസനം നല്‍കി അന്വേഷണം സംഘം

0
98

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് അന്ത്യശാസനം നല്‍കി അന്വേഷണം സംഘം.
ഈമാസം 24 വരെ സമയം നല്‍കുമെന്ന് കൊച്ചി പൊലീസ് കമ്മീഷ്ണര്‍ സി.എച്ച്‌. നാഗരാജു. വിജയ് ബാബു ഒളിവില്‍ കഴിയുന്നത് ഏത് രാജ്യത്താ​ണെന്ന് കണ്ടെത്തി. ഇതനുസരിച്ച്‌ ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഉടനെ തന്നെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും പിടികൂടി നാട്ടിലെത്തിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും നാഗരാജു പറഞ്ഞു.

ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്. ദുബൈയില്‍ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയ തെരഞ്ഞെടുത്തത്.

കൊച്ചി സിറ്റി പൊലീസി​െന്‍റ അപേക്ഷയില്‍ കേന്ദ്രവിദേശ കാര്യ മന്ത്രാലയം വിജയ് ബാബുവി​​െന്‍റ പാസ്പോര്‍ട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്‍​പ് തന്നെ ഇയാള്‍ ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. ഈ മാസം 24നകം ഹാജരാകാം എന്നാണ് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് വിജയ് ബാബു നല്‍കിയിരിക്കുന്ന ഉറപ്പ്. ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്ന സാഹചര്യത്തില്‍ വിജയ് ബാബു കീഴടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരുന്നത് വരെ നാട്ടിലേക്ക് മടങ്ങിയെത്തേണ്ട എന്ന തീരുമാനത്തിലാണ് വിജയ് ബാബു. ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കവും പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയിരിക്കുകയാണ്.