കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകൻ ചന്ദ്രൻ വെയ്യാട്ടുമ്മൽ എന്ന പാരീസ് ചന്ദ്രൻ അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. ലണ്ടനിലേയും പാരീസിലേയും പ്രമുഖ നാടക ഗ്രൂപ്പുകൾക്ക് വേണ്ടി തത്സമയ സംഗീത വാദനം നടത്തി വിസ്മയിപ്പിച്ച കലാകാരനാണ് വിട പറഞ്ഞത്.
മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ പാരീസ് ചന്ദ്രനെ തേടിയെത്തി. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ ജി ശങ്കര പിള്ളയോടൊപ്പം തുടങ്ങിയ സംഗീത യാത്ര. ബയോസ്‌കോപ്പ് എന്ന ചിത്രത്തിലൂടെയാണ് പാരീസ് ചന്ദ്രനെ തേടി സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയുടെ പശ്ചാത്തല സംഗീതം പാരിസ് ചന്ദ്രന്റെ പ്രതിഭ വിളിച്ചോതുന്നു. റിലീസ് ചെയ്യാനിരിക്കുന്ന ബോംബേ മിഠായി എന്ന ചിത്രത്തിനായി പാരീസ് ചന്ദ്രൻ ചിട്ടപ്പെടുത്തിയത് അഞ്ച് ഗാനങ്ങൾ. കെ.എസ് ചിത്രയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി നിരൂപകർ വിലയിരുത്തുന്ന ഗാനവും ഇതിൽ ഉൾപ്പെടും.