ജൂണിലും വായ്പ നിരക്കുകൾ ഉയർന്നേക്കും; ആർബിഐ ഗവർണർ

0
77

ദില്ലി : വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിലും നിരക്ക് വർധന ഉണ്ടാകുമെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സിഎൻബിസി ടിവി 18-ന് നൽകിയ അഭിമുഖത്തിലാണ് നിരക്ക് വർധനയെ കുറിച്ചുള്ള സൂചന റിസർവ് ബാങ്ക് ഗവർണർ നൽകിയത്. 
ആർബിഐ (Reserve Bank of India) റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ഉയർത്തി 4.4% ആക്കിയിരുന്നു. ജൂൺ 6-8 തീയതികളിൽ നടക്കുന്ന പണനയ അവലോകന യോഗത്തിൽ വായ്പാ നിരക്കുകൾ വീണ്ടും വർധിപ്പിക്കും. മെയ് 4 നാണു അസാധാരണ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയത്. വിപണിയിലെ പണലഭ്യത കുറച്ച് അതിലൂടെ   വിലക്കയറ്റം നിയന്ത്രിക്കുക എന്നുള്ളതാണ് ആർബിഐ ലക്ഷ്യമിടുന്നത്.

ഏപ്രിലിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.  2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് ഈ മാസം ആദ്യം ആർബിഐ ഉയർത്തിയത്.  റഷ്യ –  ഉക്രൈൻ സംഘർഷം,  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ  രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന്  ശക്തികാന്താ ദാസ് വ്യക്തമാക്കിയിരുന്നു. ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ  അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.