വിസ്മയ കേസില്‍ കിരണ്‍കുമാറിന് വിനയായത് അച്ഛന്റെ മൊഴി

0
105

കൊല്ലം: വിസ്മയ കേസില്‍ കിരണ്‍കുമാറിന് വിനയായത് അച്ഛന്റെ മൊഴി. വെറുമൊരു ആത്മഹത്യ എന്ന് എഴുതി തള്ളുമായിരുന്ന യുവതിയുടെ മരണത്തില്‍ ക്രൂരമായ ​ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണ് വിസ്മയ എന്ന് ഡിജിറ്റല്‍ തെളിവുകളും ശരിവച്ചതോടെ കിരണ്‍ കുമാര്‍ എന്ന അത്യാര്‍ത്തിക്കാരന് തടവറയിലേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു.
ആദ്യം ആത്മഹത്യാ കുറിപ്പിനെ കുറിച്ച്‌ പറയാതിരിക്കുകയും മക്കളുണ്ടാകില്ലെന്ന മാനസിക വിഷമത്തിലാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് പറയുകയും ചെയ്തതാണ് കിരണ്‍ കുമാറിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

വിസ്മയ ആത്മഹത്യ ചെയ്ത ദിവസം പൊലീസ് മുറിയാകെ തെരഞ്ഞെങ്കിലും ആത്മഹത്യാ കുറിപ്പ് കിട്ടിയിരുന്നില്ല. പക്ഷേ വിചാരണ വേളയില്‍ കിരണ്‍കുമാറിന്റെ പിതാവ് സദാശിവന്‍പിള്ള ‘തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’ എന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പറഞ്ഞു. ഈ കത്ത് അപ്പോള്‍ തന്നെ ശൂരനാട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പക്ഷെ പൊലീസ് കത്ത് തെളിവായി സ്വീകരിച്ചില്ല. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് മാദ്ധ്യമ പ്രവര്‍ത്തകരോട് ആത്മഹത്യാ കുറിപ്പിനെക്കുറിച്ച്‌ നേരത്തെ പറയാതിരുന്നതെന്നായിരുന്നു സദാശിവന്‍ പിള്ളയുടെ മൊഴി.

ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു പ്രതിഭാ​ഗം കോടതിയില്‍ വാദിച്ചത്. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാര്‍ സ്ത്രീധനമല്ല, വിവാഹസമ്മാനമായിരുന്നു. വിസ്മയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സഹതാപം പിടിച്ചുപറ്റാനുള്ള അടവായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാത്രി വിസ്മയയ്ക്ക് ആര്‍ത്തവം സംഭവിച്ചു. ഇതോടെ കുട്ടികളുണ്ടാകില്ലെന്ന വിഷമത്തിലായിരുന്നു ആത്മഹത്യയെന്നും പ്രതിഭാ​ഗം കോടതിയില്‍ പറഞ്‍ഞിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ വിവാഹമാര്‍ക്കറ്റില്‍ തനിക്ക് വന്‍ വിലയാണെന്ന ധാരണയിലായിരുന്നു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കിരണ്‍കുമാറിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത നേരത്തെ റെക്കാഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ഇതിന്റെ തെളിവാണ്. വിവാഹത്തിന് മുമ്ബ് തന്നെ പ്രത്യേക കളറുള്ള വാഗണര്‍ കാര്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി കിരണിന്റെ തന്നെ ഫോണ്‍ സംഭാഷണമുണ്ട്. കാര്‍ സമ്മാനമായിരുന്നെങ്കില്‍ അതിന്റെ കുറവുകളെക്കുറിച്ച്‌ പറഞ്ഞ് വിസ്മയെയും ബന്ധുക്കളെയും അധിക്ഷേപിക്കുമായിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

കോടതിയില്‍ ഹാജരാക്കിയ വിസ്മയയുടെ ബാല്യകാലസുഹൃത്ത് വിദ്യയുടെയും വിസ്മയയുടെ മാതാവിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച സംഭാഷണങ്ങളില്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെക്കുറിച്ചും ശാരീരിക ഉപദ്രവങ്ങളെക്കുറിച്ചും പറയുന്നു. ആത്മഹത്യ ചെയ്ത ദിവസം വിസ്മയയ്ക്ക് ആര്‍ത്തവം സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന ഫലം. കുട്ടികളുണ്ടാകാത്തതാണ് ആത്മഹത്യയുടെ കാരണമെന്ന് കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ മരണത്തിന്റെ സമീപദിവസങ്ങളില്‍ വിവരങ്ങളന്വേഷിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ലെന്നതും കോടതിയില്‍ കിരണിന് വിനയായി.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആരുമായും അധികം സഹകരണം ഇല്ലാത്ത ആളായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നത്. വളരെ സാധാരണ സാഹചര്യത്തില്‍ നിന്നും വളര്‍ന്ന് വന്ന കിരണ്‍ അമ്മയുടെ നാടായ ശാസ്താംനടയില്‍ താമസമാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു. അച്ഛന്‍ സമീപ പഞ്ചായത്തിലെ ഒരു സാധാരണ റേഷന്‍കടയിലെ സെയില്‍സ്മാന്‍ ആയിരുന്നു. എഞ്ചിനീയറിം​ഗ് പഠനശേഷമാണ് കിരണ്‍ കുമാറിന് മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി ലഭിക്കുന്നത്. കോഴിക്കോടായിരുന്നു നിയമനം. വിവാഹ ശേഷമായിരുന്നു സ്വന്തം പ്രദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ഇത് ഭാര്യവീട്ടുകാരുടെ സ്വാധീനം ഉപയോ​ഗിച്ചാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാടുമായോ നാട്ടിലെ സാധാരണ ജനങ്ങളുമായോ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും കിരണിന് താത്പര്യം ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി പോയാല്‍ ഉച്ചയോടെ തിരിച്ചെത്തും. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പ്രദേശത്ത് കിരണിന്റെ വാഹന പരിശോധനയും പതിവായിരുന്നു. പണത്തോട് മാത്രമായിരുന്നു കിരണിന് സ്നേഹവും കടപ്പാടുമെന്നാണ് നാട്ടുകര്‍ ചൂണ്ടിക്കാട്ടുന്നത്.

വളരെ കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും പണം സമ്ബാദിക്കാനുള്ള ആര്‍ത്തി മൂത്ത കിരണ്‍ കണ്ടതിനെല്ലാം കാശുവാങ്ങി. ഒടുവില്‍ വിവാഹ മാര്‍ക്കറ്റിലും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിലയിട്ടു. 120 പവന്‍ സ്വര്‍ണവും ഒന്നര ഏക്കര്‍ സ്ഥലവും ആഢംബര കാറുമായിരുന്നു കിരണ്‍ വിവാഹ കമ്ബോളത്തില്‍ തനിക്കിട്ട വില. വിസ്മയയുടെ മാതാപിതാക്കള്‍ 100 പവനും പത്തുലക്ഷത്തിന്റെ കാറും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും നല്‍കാമെന്നേറ്റു. എന്നാല്‍, എണ്‍പത് പവന്‍ മാത്രമേ വിസ്മയക്ക് നല്‍കിയുള്ളൂ എന്നും കാറ് ചെറുതായി പോയി എന്നുമായിരുന്നു കിരണിന്റെ പരാതി. ഇതിനെ തുടര്‍ന്ന് ഒരിക്കല്‍ പിണങ്ങിപ്പോയ വിസ്മയയെ വീണ്ടും അനുനയിപ്പിച്ച്‌ വീട്ടിലെത്തിക്കാനും കിരണിന് സാമര്‍ത്ഥ്യമുണ്ടായിരുന്നു. ഇതോടെയാണ് വിസ്മയ അച്ഛനുമായും സഹോദരനുമായുമുള്ള ഫോണ്‍കോണ്‍ടാക്‌ട് അവസാനിപ്പിക്കുന്നത്. വിസ്മയക്ക് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണമെല്ലാം സൂക്ഷിച്ചിരുന്നതും കിരണായിരുന്നു.

വിവാഹത്തിന് മുമ്ബ് കിരണ്‍ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്ന് വിസ്മയയുടെ അമ്മ പറയുന്നു. ഇക്കാര്യം അടുത്ത സമയത്ത് മാത്രമാണ് മകള്‍ പറഞ്ഞത്. വിസ്മയ കോളേജില്‍ പഠിക്കുന്ന സമയത്ത് കിരണ്‍ കാണാനെത്തിയിരുന്നെന്നും അമ്മ പറയുന്നു. സഹപാഠികള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നതിനും സഹപാഠികളുടെ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനമാണ് കിരണ്‍ മര്‍ദ്ദിച്ചത്. സ്ത്രീധനമായി നല്‍കിയ കാറിന് മൈലേജ് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മറ്റൊരു ദിവസം വഴക്കുണ്ടായത്.

ഒരിക്കല്‍ വിസ്മയയുടെ വീട്ടിലെത്തിയും കിരണ്‍ തല്ലുണ്ടാക്കിയിരുന്നു. ഇനി കിരണിന്റെ വീട്ടിലേക്ക് പോകേണ്ടെന്നും വിവാഹമോചനം നേടാമെന്നും അന്ന് വിസ്മയ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളെ വിളിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ കിരണ്‍ വിസ്മയയെ ഫോണ്‍ ചെയ്തുകൊണ്ടേയിരുന്നു. തന്റെ ജന്മ ദിനത്തിന് മുമ്ബില്‍ വീട്ടിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ ഒരിക്കലും വരേണ്ടെന്ന് പറഞ്ഞു. ഇതോടെ പരീക്ഷക്ക് കോളജിലേക്ക് പോയ വിസ്മയ കിരണിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

കേസില്‍ കിരണ്‍ കുറ്റക്കാരാണെന്ന് കോടതി ശരിവെയ്ക്കുന്നതിന് മുന്‍പ് തന്നെ നിരവധി ശബ്ദരേഖകളാണ് പുറത്ത് വന്നത്. സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള കിരണിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. കിരണ്‍ : സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ ? വെന്റോ കണ്ടപ്പോ വിളിച്ചോ ? എനിക്കിഷ്ടം സിറ്റിയായിരുന്നു. സിറ്റി വിലക്കൂടതലാ, നോക്കണ്ടെന്ന് ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. നിങ്ങടെ എച്ചിത്തരം കണ്ടപ്പോള്‍ എനിക്ക് മനസിലായി. അവസാനം കറക്‌ട് വെന്റോ എടുത്ത് തരാന്‍ ഫിക്‌സ് ചെയ്തതല്ലേ ? പിന്നെന്താ രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ ഇട്ട്, രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം കാണുന്നത്. അപ്പൊഴേ എന്റെ കിളി പറന്ന്.

വിസ്മയ : പക്ഷേ അന്നും കുഴപ്പം ഇല്ലായിരുന്നല്ലോ ?

കിരണ്‍ : അന്ന് കുഴപ്പമില്ല, അല്ലേങ്കില്‍ പിന്നെ കല്യാണം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നേനെ. എന്നെ എല്ലാവരും വഴക്ക് പറയില്ലേ ?

ഇതുള്‍പ്പെടെ ഒരു ലക്ഷത്തോളം ശബ്ദസന്ദേശങ്ങളും ഫോണ്‍ സംഭാഷണങ്ങളുമാണ് തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ് സ്ത്രീധനപീഡനമരണമായ 304 (ബി)യും ആണിപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ നാളെ വിധിക്കും. കേരളമാകെ ചര്‍ച്ച ചെയത് കേസില്‍ ആത്മഹത്യപ്രേരണ കണ്ടെത്തിയതിനാല്‍ പത്തുവര്‍ഷം വരെ തടവും സ്തീധനപീഡന മരണം കണ്ടെത്തിയതിനാല്‍ ജീവപര്യന്തം വരെയും തടവ് ശിക്ഷലഭിച്ചേക്കാം.

വിസ്മയയുടെ ആത്മഹത്യ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ഭര്‍തൃ വീട്ടില്‍ തന്നെ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു വിസ്മയ.

അന്വേഷണത്തിനൊടുവില്‍ 2021 ജൂണ്‍ 21 ന് ആണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായത്. കേരളം മുഴുവന്‍ , മലയാളികള്‍ മുഴുവന്‍ ഏറ്റെടുത്ത ആ മരണ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. പെണ്‍മക്കള്‍ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ​ഗവര്‍ണര്‍ തന്നെ നേരിട്ട് വിസ്മയയുടെ വീട്ടിലെത്തി. പിന്നീട് സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി. തുടര്‍ന്ന് മന്ത്രിമാര്‍ അടക്കം വിസ്മയയുടെ വീട്ടിലെത്തി.

അറസ്റ്റിലായതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നീട് 2021 ഓഗസ്റ്റ് 6ന് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നു തന്നെ പിരിച്ചു വിട്ടു സര്‍ക്കാര്‍. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറി.

2021 ജൂണ്‍ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ജൂണ്‍ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂണ്‍ 29
കിരണിന്‍റെ വീട്ടില്‍ ഡമ്മി പരീക്ഷണം. ഇതിനിടയില്‍ കിരണ്‍ കുമാര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു

2021 സെപ്റ്റംബര്‍ 10ന് വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകള്‍ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോണ്‍ വിളികളും ശബ്ദ റെക്കോര്‍ഡുകളും ഡിജിറ്റല്‍ തെളിവുകളായി .

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മര്‍ദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മര്‍ദ്ദനമുണ്ടായിട്ടില്ലെന്നും കിരണ്‍ മൊഴി നല്‍കി. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച്‌ പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങള്‍ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരണ്‍കുമാര്‍ തന്നെ പറയുന്നുണ്ട്.

വാങ്ങി നല്‍കിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച്‌ പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളജില്‍ നിന്നുമാണ് വീണ്ടും കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. ശേഷമാണ് ആത്മഹത്യ നടന്നത്.

2022 ജനുവരി 10ന് കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടങ്ങി. 2022 മാര്‍ച്ച്‌ 2ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2022 മേയ് 17 കേസില്‍ വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് ഇന്ന് കിരണ്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. നാളെ വിശദമായ വാദം കേട്ടശേഷം ശിക്ഷ വിധിക്കും.