നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

0
59

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗമാണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ പിന്മാറുന്നത്. കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. അന്ന് സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം.

നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുള്‍പ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിജീവത പരാതിയില്‍ പറയുന്നു. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്.കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു.

സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍ വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹര്‍ജിയിലുണ്ട്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹ!ര്‍!ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് രാഷ്ട്രീയ ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് അതിജീവത കോടതിയെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.