വ്യാജ ഡോക്ടർ പിടിയിലായ സംഭവം; മെഡിക്കൽ കോളജുകളിൽ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

0
134

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡി കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകി. ജീവനക്കാരും മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളും നിർബന്ധമായും ഐഡന്റിറ്റി കാർഡ് ധരിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി്.

രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേസമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മറ്റൊരാൾക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. സുരക്ഷാ ജീവനക്കാർ ഐഡന്റിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവർ ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് ആളുകൾ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ.

രോഗികൾക്കോ ജീവനക്കാർക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനി ആവർത്തിക്കാതിരിക്കാനാണ് കർശന നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പൂന്തുറ സ്വദേശി നിഖിൽ പിടിയിലായത്. ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ ഇയാൾ പരിശോധിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ ചോദ്യം ചെയ്തതോടെയാണ് കളളം പുറത്തായത്.