‘എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള’യില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് രുചിവൈവിദ്ധ്യങ്ങളുടെ കലവറ

0
156

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയിലെ ഫുഡ് കോര്‍ട്ടിലൊരുങ്ങുന്നത് രുചിയുടെ വൈവിധ്യങ്ങള്‍. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുവനന്തപുരത്തിന്റെ തനതായ രുചികളും മറ്റ് ജില്ലകളിലെ വ്യത്യസ്തമായ രുചികളും ഗോത്ര രുചികളും ആസ്വദിക്കാനാവുന്ന വിധത്തില്‍ വിപുലമായ ഭക്ഷ്യമേളയാണ് ഒരുക്കിയിരിക്കുന്നത്.

കുടുംബശ്രീ, പട്ടിക വര്‍ഗ വകുപ്പ്, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ്, കെ.ടി.ഡി.സി തുടങ്ങിയവര്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ടില്‍ മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള അവസരമുണ്ടാകും. കുടുംബശ്രീയുടെ ആറ് യൂണിറ്റുകളില്‍ വ്യത്യസ്തതരം പലഹാരങ്ങള്‍, ജ്യൂസ്, വിവിധ തരം ദോശകള്‍, ബിരിയാണി, കപ്പ, മീന്‍കറി, ചിക്കന്‍കറി തുടങ്ങിയ വിഭവങ്ങള്‍ വിളമ്പും.

ഐ.റ്റി.ഡി.പിയുടെ സ്റ്റാളുകളില്‍ നിന്നും ഗോത്രവിഭാഗക്കാര്‍ തയ്യാറാക്കുന്ന വിവിധതരം പായസങ്ങളും, കിഴങ്ങ് വര്‍ഗങ്ങളില്‍ നിന്നുണ്ടാക്കിയ വിഭവങ്ങളുമുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ ഒരുക്കുന്ന ഉണക്ക മീന്‍, മീന്‍ അച്ചാര്‍, ചമ്മന്തിപ്പൊടി തുടങ്ങിയ മത്സ്യ വിഭവങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ സ്റ്റാളുകളെ വ്യത്യസ്തമാക്കുക. ജയില്‍ വകുപ്പിന്റെ സ്റ്റാളില്‍ വിവിധ ജയില്‍ യൂണിറ്റുകള്‍ തയ്യാറാക്കുന്ന ഭക്ഷണം പാഴ്‌സലായി ലഭിക്കും. വിവിധതരം ദോശകളുമായാണ് കെ.ടി.ഡി.സിയുടെ സ്റ്റാളുകള്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഇതിന് പുറമെ മേളയുടെ വിവിധയിടങ്ങളില്‍ മില്‍മയുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും.