നടിയുടെ പീഡന പരാതി; കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് വിജയ് ബാബു

0
87

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്ന് നടനും സംവിധായകനുമായ വിജയ് ബാബു. അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും വിജയ് ബാബു വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരി​ഗണിക്കാമെന്നാണ് കോടതി പറ‍ഞ്ഞിരിക്കുന്നത്. യാത്രാ ടിക്കറ്റ് ഉടൻ ഹാജരാക്കണമെന്നും ആദ്യം കോടതിയുടെ പരി​ഗണനയിൽ കേസ് വരട്ടെയെന്നും കോടതി വ്യക്തമാക്കി.

കേസിൽ പ്രതിയായതിന് പിന്നാലെ വിദേശത്തേക്ക് പോയ നടൻ വിജയ് ബാബു ജോർജിയയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ ശ്രമം തുടരവേയാണ് സംവിധായകന്റെ പുതിയ നീക്കം. ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വിജയ് ബാബുവിന്‍റെ പാസ്പോർട്ട്റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാൽ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോ‍ർജിയയിൽ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസ് നീക്കം നടത്തിയത് .

വിജയ് ബാബുവിന്റെ പാസ്പോ‍ര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം ലഭിച്ചത്.