കേന്ദ്രസർക്കാർ ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നു എന്ന ആരോപണവുമായി തമിഴ്നാട് ധനമന്ത്രി

0
86

ചെന്നൈ: കേന്ദ്രസർക്കാർ ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നു എന്ന ആരോപണവുമായി തമിഴ്നാട് ധനമന്ത്രി (Tamil Nadu Finance Minister)  പി ത്യാഗരാജൻ (P Thiaga Rajan). ട്വിറ്ററില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് തമിഴ്നാട് ധനമന്ത്രിയുടെ കേന്ദ്രത്തോടുള്ള ചോദ്യം.  
‘യൂണിയന്‍ ഗവണ്‍മെന്‍റ് യൂണിയന്‍ നികുതികള്‍ കൂട്ടുന്ന സമയത്ത് ഏതെങ്കിലും സംസ്ഥാനത്തെ അറിയിക്കുകയോ, അവരുടെ അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ല. പെട്രോളിന് 23 രൂപയും (250 ശതമാനം), ഡീസലിന് 29 രൂപയും (900 ശതമാനം) നികുതി 2014 മുതല്‍ വര്‍ദ്ധിപ്പിച്ചു. അവരുടെ വില വര്‍ദ്ധനവിന്‍റെ 50 ശതമാനം ഇപ്പോള്‍ പിന്‍വലിക്കുന്നു. അവര്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു. ഇതാണോ ഫെഡറലിസം’ -തമിഴ്നാട് ധനമന്ത്രി പി ത്യാഗരാജൻ ചോദിക്കുന്നു. 
2021 നവംബറിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി ആദ്യം കുറയ്ക്കുന്നതിന് മുമ്പ് തന്നെ ഡിഎംകെ സർക്കാർ 2021 ഓഗസ്റ്റിൽ പെട്രോളിന്റെ വാറ്റ് കുറച്ചിരുന്നുവെന്നും -തമിഴ്നാട് ധനമന്ത്രി പി ത്യാഗരാജൻ പറയുന്നു. ഈ കുറവ് മൂലം തമിഴ്നാട് സർക്കാരിന് പ്രതിവർഷം 1,160 കോടി രൂപയുടെ നഷ്ടമുണ്ടെന്നും. എന്നാല്‍ ഈ നികുതി കുറവ് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ലിറ്ററിന് 3 രൂപ ആശ്വാസം നൽകിയെന്ന് ത്യാഗ രാജൻ പറഞ്ഞു.
“സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടും തമിഴ്നാട് സര്‍ക്കാര്‍ ഇത് ചെയ്തു. 2006-11 ഭരണകാലത്തും ഡിഎംകെ സർക്കാർ സാധാരണക്കാരുടെ ക്ഷേമത്തിനായി പെട്രോളിന്റെയും ഡീസലിന്റെയും നികുതി വെട്ടിക്കുറച്ചിരുന്നു ത്യാഗ രാജൻ പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേന്ദ്രസർക്കാർ പെട്രോളിന്മേലുള്ള നികുതി ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും ഇത് കേന്ദ്ര സര്‍ക്കാറിന് വലിയ വരുമാനം നല്‍കിയെങ്കിലും, സംസ്ഥാനങ്ങളുടെ വരുമാനവുമായി അത് പൊരുത്തപ്പെടുന്നതല്ല. സംസ്ഥാനങ്ങളുമായി പങ്കിടാവുന്ന അടിസ്ഥാന എക്സൈസ് തീരുവ കുറയ്ക്കുന്നതിനിടയിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും സെസും സർചാർജും വർദ്ധിപ്പിച്ചാണ് ഇന്ധന വിലകൂട്ടിയത്.  -തമിഴ്നാട് ധനമന്ത്രി പി ത്യാഗരാജൻ പറയുന്നു. 
കേന്ദ്രസർക്കാരിന്‍റെ അമിതമായ നികുതി വർദ്ധനയുടെ ഭാരം ഇപ്പോഴത്തെ വെട്ടികുറയ്ക്കലിലൂടെ ഭാഗികമായി മാത്രമേ കുറച്ചിട്ടുള്ളൂവെന്നും, 2014ലെ നിരക്കുകളെ അപേക്ഷിച്ച് നികുതികൾ ഉയർന്ന നിലയിൽ തുടരുകയാണെന്നും പി ത്യാഗരാജൻ പറയുന്നു. സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ലെന്നും തമിഴ്നാട് ധനമന്ത്രി പ്രസ്താവിച്ചു.