പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

0
44

മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേർ അറസ്റ്റിൽ. കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തൻപീടികയിൽ നബീൽ(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാർ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കൽ അജ്മൽ റോഷൻ (23) എന്നിവരാണ് പിടിയിലായത്. മുഖ്രപ്രതിയായ യഹിയയെ കൃത്യം നടത്തിയ ശേഷം ഒളിവിൽ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈൽഫോണും സിംകാർഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തിൽ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

യഹിയയ്ക്ക് പുതിയ സിംകാർഡും മൊബൈൽഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്റെ ഭാര്യാസഹോദരനാണ് സിം കാർഡ് സ്വന്തം പേരിൽ എടുത്ത് കൊടുത്തത്. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തിൽ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാർപ്പിച്ചതിനുമാണ് മരക്കാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി.

അബ്ദുൽ ജലീൽ നാട്ടിലെത്തിയ മെയ് പതിനഞ്ചിനാണ് പ്രതികൾ ജലീലിനെ തട്ടിക്കൊണ്ടു പോയത്. അന്നു മുതൽ പതിനെട്ട് വരെ നാലു ദിവസങ്ങളിലായി വിവിധയിടങ്ങളിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു. ജലീൽ സ്വർണ്ണം കൊണ്ടുവന്ന ക്യാരിയർ ആണെന്നും ഇതുമായി ബസപ്പെട്ടാണ് തട്ടിക്കൊണ്ടു പോകലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ അലിമോൻ, അൽത്താഫ് റഫീഖ് എന്നിവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ്.