വിതുരയില്‍ മധ്യവയസ്‌കന്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

0
48

തിരുവനന്തപുരം: വിതുരയില്‍ മധ്യവയസ്‌കന്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വൈദ്യുതി കടത്തിവിട്ട കുര്യന്‍ എന്നയാളാണ് അറസ്റ്റിലായത്. ശെല്‍വരാജാണ് ഇന്നലെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. കുര്യനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുകാരാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ വിതുരയ്ക്ക് സമീപം ലക്ഷ്മി എസ്റ്റേസ്റ്റിനടത്താണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വൈദ്യുതാഘാതമേറ്റ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കാട്ടുപന്നിക്കായി വച്ച കെണിയില്‍ ഇവര്‍ അകപ്പെടുകയായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സ്ഥലമുടമയേയും സുഹൃത്തിനേയും കസ്റ്റഡിയില്‍ എടുത്തത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലില്‍ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.