വിവാഹം കഴിഞ്ഞാൽ മൂന്ന് ദിവസത്തേക്ക് ശുചിമുറി ഉപയോഗിക്കരുത്; വിചിത്ര ആചാരം ഇന്തോനേഷ്യയിൽ

0
84

ലോകത്ത് വിവിധ തരം സംസ്‌കാരങ്ങളും അവയ്‌ക്കെല്ലാം വിവിധ ആചാരങ്ങളുമുണ്ട്. ചിലത് ഏറെ വിചിത്രമായി തോന്നാം. അത്തരമൊരു ആചാരം കേട്ട് കണ്ണ് മിഴിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്തോനേഷ്യയിലെ ഒരു ഗോത്രവിഭാഗത്തിൽ നവവധൂവരന്മാർ വിവാഹ ശേഷമുള്ള ആദ്യ മൂന്ന് ദിവസം ശുചിമുറി ഉപയോഗിക്കാൻ പാടില്ല.

ഇന്തോനേഷ്യയിലെ ടിഡോംഗ് കമ്യൂണിറ്റിയിലാണ് ഈ വിചിത്ര ആചാരം നിലനിൽക്കുന്നത്. ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും മധ്യേ ബോർണിയോയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് താമസിക്കുന്ന ഗോത്രവിഭാഗമാണ് ടിഡോംഗ്. ശൗചാലയം ഉപയോഗിക്കരുതെന്ന ആചാരം തെറ്റിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. ഇത്തരം ദമ്പതികളുടെ ദാമ്പത്യ ജീവിതം അസുഖകരമാകുകയോ, വളരെ ചെറു പ്രായത്തിൽ തന്നെ മക്കൾ മരിക്കുകയോ ചെയ്യുമെന്ന് ഇവർ വിശ്വസിക്കുന്നു.

അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞുള്ള ആദ്യ മൂന്ന് ദിവസം നവദമ്പതികൾ മുതിർന്നവരുടെ നിരീക്ഷണത്തിലായിരിക്കും. ആചാരം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനാണ് ഇത്. ഈ കാലയളവിൽ ദമ്പതികൾക്ക് വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ നൽകുകയുള്ളു. മൂന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമേ ശൗചാലയം ഉപയോഗിക്കാനും കുളിക്കുവാനും സാധിക്കുകയുള്ളു.