‘ആമയും മുയലും കഥയിലെ ആമയാണ് ഞാന്‍, അതായിരുന്നു എന്നുമെന്റെ സ്റ്റോറി’; ഐശ്വര്യ റായ്

0
90

വയസ്സ് 48 എത്തിയിട്ടും ഫാഷന്‍ ലോകത്ത് ഇപ്പോഴും മിന്നുന്ന താരമാണ് ഐശ്വര്യാ റായ്. കാന്‍ ചലച്ചിത്രോത്സവത്തിലും ഐശ്വര്യ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ 20 വര്‍ഷവും ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായി കാനിലെ റെഡ് കാര്‍പറ്റില്‍ ഐശ്വര്യ ചുവടുവെച്ചു. പഴകും തോറും വീര്യമേറുന്ന വീഞ്ഞു പോലെയാണ് ഐശ്വര്യയെന്ന് ആരാധകര്‍ അടിവരയിടുന്നു.
ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും മകള്‍ ആരാധ്യക്കുമൊപ്പം കാനില്‍ എത്തിയ ഐശ്വര്യ ഇത്തവണയും കൈയടി നേടി. സിനിമകള്‍ക്കിടയിലെ ഇടവേളകളോ ക്യാമറയ്ക്കു മുന്നില്‍ നിന്ന് മാറിനില്‍ക്കുന്നതോ തന്നെ ബാധിക്കില്ലെന്ന് ഐശ്വര്യ പറയുന്നു. കാനില്‍ നിന്ന് ഫിലിം കംപാനിയന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരറാണി.
‘ഞാന്‍ എല്ലാം പോസിറ്റീവ് ആയി കാണുന്ന വ്യക്തിയാണ്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷവും വെല്ലുവിളി നിറഞ്ഞതായിരുന്നു. സമയം മുന്നോട്ടുപോകുകയാണെന്നും സിനിമകള്‍ ഇറങ്ങുന്നില്ലെന്നുമുള്ള കാര്യങ്ങള്‍ എന്നെ ബാധിച്ചിട്ടില്ല. എനിക്ക് എന്റെ കുടുംബ ജീവിതമാണ് പ്രധാനം. എനിക്കൊരു കുഞ്ഞുണ്ട്. പ്രായമായവര്‍ വീട്ടിലുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്നു ഉറപ്പു വരുത്തണമായിരുന്നു. അല്ലാതെ മറ്റു കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. ആമയും മുയലും കഥയിലെ ആമയെ പോലെയാണ് ഞാന്‍. ഫോക്കസ് ചെയ്ത്, സമയമെടുത്ത്, അതിനു പിന്നാലെ യാത്ര ചെയ്ത് ലക്ഷ്യത്തിലെത്തുന്ന ഒരാളാണ് ഞാന്‍. അതാണ് എന്നും ഞാന്‍ ചെയ്യുന്നത്.’ ഐശ്വര്യ പറയുന്നു.
സിനിമകളിലെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രതിഭകള്‍ക്ക് അവസരം ലഭിക്കേണ്ടത് ജെന്‍ഡര്‍ നോക്കാതെയാവണമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. സിനിമയിലെ തന്റെ ഗുരു മണിരത്‌നത്തിനൊപ്പം ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്നതിന്റെ സന്തോഷവും താരറാണി പങ്കുവെച്ചു. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ ഈ അടുത്ത് അഭിനയിച്ചത്.