ബീജിംങ്: ചൈനയിലെ കടുത്ത കൊറോണ നിയന്ത്രണങ്ങളിൽ വലഞ്ഞ് ആപ്പിൾ. നിയന്ത്രണങ്ങൾ കടുത്തതോടെ ചൈനയ്‌ക്ക് പുറത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യയും വിയറ്റനാമും അടക്കമുള്ള രാജ്യങ്ങളാണ് ചൈനയ്‌ക്ക് ബദലായി കമ്പനി കണ്ടിരിക്കുന്ന രാജ്യങ്ങൾ. റഷ്യൻ അധിനിവേശത്തെ പിന്തുണയ്‌ക്കുന്ന ചൈനയെ നിർമ്മാണത്തിനും മറ്റു പ്രധാന ആവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ക്രമേണ കുറയ്‌ക്കുന്നതിനെ പറ്റിയാണ് കമ്പനി ആലോചിക്കുന്നത്.
ഐഫോണുകൾ, ഐപാഡുകൾ മാക്ബുക്ക് ലാപ്‌ടോപ്പുകൾ എന്നിവയുൾപ്പടെ 90 ശതമാനത്തിലധികം ആപ്പിൾ ഉൽപ്പന്നങ്ങളും ചൈനയിലാണ് നിർമ്മിക്കുന്നത്. എന്നാൽ കൊറോണയുടെ പിടിയിലായ ചൈന പ്രധാന നഗരങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വിതരണശൃംഖലയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ആപ്പിൾ ആലോചിക്കുന്നത്.