കെ വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; നടപടി ഉടനെന്ന് പി സതീദേവി

0
75

മലപ്പുറത്തെ മുന്‍ അധ്യാപകനും സിപിഐഎം കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ശശികുമാറിനെതിരെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ശശികുമാറിനെതിരായ പരാതി ചര്‍ച്ചയായതിന് പിന്നാലെ സ്‌കൂളിനെതിരെയും അന്വേഷണം നീണ്ട പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചത്. സ്‌കൂളില്‍ വര്‍ഷങ്ങളായി പീഡനം നടന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും പി സതീദേവി പറഞ്ഞു.

പോക്‌സോ കേസില്‍ അറസ്റ്റിലായ കെ വി ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതരെക്കുറിച്ച് മുന്‍പും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് സ്‌കൂളിലേക്ക് അന്വേഷണം നീണ്ടത്. അധ്യാപകനെതിരായ പീഡനപരാതിയില്‍ സ്‌കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞിരുന്നു. കെ വി ശശികുമാറിനെതിരെ നേരത്തേ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതികള്‍ സ്‌കൂള്‍ അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഡബ്ല്യുസി ചെയര്‍മാന്‍ രംഗത്തെത്തിയത്.

സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലെ റാഗിങ് സംബന്ധിച്ച പരാതികള്‍പോലും പരിശോധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നിരിക്കെ അധ്യാപകനെതിരായ പീഡനപരാതി പൊലീസിന് കൈമാറാതെ ഒതുക്കിയെങ്കില്‍ അത് ഗുരുതര കുറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതില്‍ മുന്‍പ് സ്‌കൂളിലെ ഒരു അധ്യാപികക്ക് എതിരെ നടപടി സ്വീകരിച്ചതാണ്. ശശികുമാറിനെതിരായ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ വിഷയം മൂടി വെച്ചിട്ടുണ്ടെങ്കില്‍ സമാന രീതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു. ഇതിനിടെ പൂര്‍വ വിദ്യാര്‍ഥികളുടെ പീഡന പരാതിയില്‍ പോക്‌സോ കേസ് ഉള്‍പ്പെടെ നാലു കേസുകള്‍ കൂടി ശശികുമാറിനെതിരായി രജിസ്റ്റര്‍ ചെയ്തു. കേസില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ കൂടാതെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസും അന്വേഷണം ആരംഭിച്ചു.