കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളിലേക്ക്, അടിയന്തര യോഗംവിളിച്ച് ലോകാരോഗ്യ സംഘടന

0
71

വാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. കോവിഡിന് പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവയ്ക്ക് പുറമേ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്‍, ഇറ്റലി, യുകെ, സ്വീഡന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സ്‌പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ഒരു സ്‌നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഓള്‍ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യം സ്ഥിരീകരിച്ചത് 1958-ല്‍
1958-ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്.1970 മുതല്‍ 11 ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. 2017-ന് ശേഷം നൈജീരിയയിലാണ് ഏറ്റവും വലിയ രോഗവ്യാപനമുണ്ടായത്. ഈ വര്‍ഷം മാത്രം കുരങ്ങുപനിയെന്ന് സംശയിക്കുന്ന 46 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. മേയ് ഏഴിനാണ് യൂറോപ്പില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. നൈജീരിയയില്‍നിന്ന് മടങ്ങിയ വ്യക്തിയിലാണ് ബ്രിട്ടണില്‍ ആദ്യം വൈറസ്ബാധ സ്ഥിരീകരിച്ചത്.

മരണനിരക്ക് കുറവ്
വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. എന്നാല്‍, കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.
ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണെങ്കിലും ആ രീതിയില്‍ മാത്രം പകരുന്ന രോഗമല്ല കുരങ്ങുപനിയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. രോഗം സ്ഥിരീകരിച്ചവരില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കൂടുതലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നു.
കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്.