കുടയുടെ വില ‘വെറും’ ഒരു ലക്ഷം; പക്ഷേ മഴയത്ത് ചൂടിയാൽ നനയും;പിന്നെ എന്തിനാണ് സാറേ കുട

0
105

കോരിച്ചൊരിയുന്ന ഈ വേനൽ മഴയിൽ കുടയെടുക്കാൻ മറന്നാലുള്ള അവസ്ഥയെന്താണ്.ദേഹം മൊത്തം നനയും അല്ലേ? വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള കുടകൾ നമ്മെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കുന്നു.അതിന് വേണ്ടി ആണല്ലോ ഈ കുട കണ്ടുപിടിച്ചത് തന്നെ.എന്നാൽ ഇതിനൊന്നും ഉപകാരപ്പെടാത്ത ഒരു കുടയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബ്രാൻഡുകളാണ് ഗുച്ചിയും അഡിഡാസും. ഇവർ രണ്ടുപേരും ചേർന്ന് പുറത്തിറക്കിയ കുടയാണ് ഫാഷൻ പ്രേമികളെ ആകെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്.

ഒരു ലക്ഷം രൂപ വില വരുന്ന ഈ കുട പക്ഷേ മഴയത്ത് ഉപയോഗിക്കാൻ സാധിക്കില്ലത്രേ. അതായത് ഈ കുടയുമായി മഴയിൽ ഇറങ്ങിയിട്ട് ഒരു കാര്യവുമില്ല, കുടയും കുട ചൂടിയ ആളുമെല്ലാം നനഞ്ഞു കുളിക്കും.ഒരു ചാറ്റൽ മഴയിൽ നിന്ന് പോലും ഈ കുട നിങ്ങൾക്ക് സംരക്ഷണം നൽകില്ലെന്ന് സാരം. നല്ല വെയിലത്ത് ഈ കുട ചൂടിയാൽ എല്ലാ കുടകളേയും പോലെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാം എന്നത് മാത്രമാണ് ഉപയോഗം. അല്ലെങ്കിൽ ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നു മാത്രം. വിലപിടുപ്പുള്ള കുടയെന്ന ഗമ മാത്രമേ ആളിനുള്ളൂ എന്നർത്ഥം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ഈ കുട പുറത്തിറക്കുന്നത്. കുടയുടെ ഹാൻഡിൽ ‘ജി’ ആകൃതിയിലാണ്. ഗുച്ചിയുടേയും അഡിഡാസിന്റേയും ലോഗ പ്രിന്റ് ചെയ്തതാണ് കുടയുടെ ശീല.

മഴയിൽ നിന്നുപോലും സംരക്ഷണം ഇല്ലാതെ എന്തിനാണ് ഇത്രയധികം രൂപയ്‌ക്ക് കുട പുറത്തിറക്കുന്നത് എന്താണ് സമൂഹമാദ്ധ്യമങ്ങളിൽ കുടയെ പറ്റി ഉയരുന്ന പ്രധാന ചോദ്യം. ചൈനീസ് വിപണിയിലാണ് കുട ഇറക്കിയത്. ചൈനയിലെ സോഷ്യൽ മീഡിയ സൈറ്റായ വെബിയോയിലും കുടയെ പറ്റിയുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്. 1980കളിലെയും 90കളിലെയും ഫാഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കുട ഇറ്റലിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതിനാൽ ചർമ സരംക്ഷണത്തിന് അനുയോജ്യമാണെന്നും കമ്പനി പ്രത്യേകതകളായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇത്ര വലിയ വിലയ്‌ക്ക് വാട്ടർ പ്രൂഫ് അല്ലാത്ത കുട വേണ്ട എന്ന നിലപാടിലാണ് ചൈനക്കാർ. കുടയേയും അതിന്റെ വിലയേയും പരിഹസിച്ച് നിരവധി ട്രോളുകളും ഇപ്പോൾ വ്യാപകമാകുന്നുണ്ട്.