ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍

0
50

ഡറാഡൂണ്‍: ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതിനെ തുടര്‍‌ന്ന് വിവാദമായ ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ വീണ്ടും സമാനമായ പ്രശ്നം ആവര്‍ത്തിക്കുന്നു.

കഴിഞ്ഞ ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ബഹിഷ്കരിച്ചതോടെ പിരിച്ചുവിട്ട പാചകക്കാരി സുനിതാ ദേവിയെ സ്കൂളില്‍ വീണ്ടും തിരിച്ചെടുത്തിരുന്നു. ഇതോടെയാണ് കുട്ടികള്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചത്.

സുനിത പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കില്ലെന്ന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രേം സിംഗ് അറിയിച്ചു. മാര്‍ച്ച്‌ അവസാനമാണ് സ്കൂളില്‍ ഉച്ചഭക്ഷണം നല്‍കുന്നത് പുനരാരംഭിച്ചത്. ചമ്ബ്രാവത്ത് ജില്ലാ മജിസ്ട്രേറ്റ് നരേന്ദര്‍ സിംഗ് ഭണ്ഡാരിയും പൊലീസ് ഉദ്യോഗസ്ഥരും സ്കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്കൂളിലെത്തിയ ഉദ്യോഗസ്ഥര്‍ അവിടെനിന്ന് തന്നെ ഭക്ഷണം കഴിച്ച്‌ മാതൃക കാട്ടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ വീണ്ടും വിസമ്മതിക്കുകയായിരുന്നു.

ഭക്ഷണം കഴിക്കാത്ത കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് താക്കീത് നല്‍കിയെങ്കിലും കുട്ടികളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കരുതെന്നാണ് മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരോട് പറഞ്ഞത്. ഡിസംബര്‍ 13മുതല്‍ സ്കൂളിലെ 66 വിദ്യാര്‍ത്ഥികളാണ് സുനിത തയാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നത്.