മമ്മൂട്ടി- പാര്‍വതി തിരുവോത്ത് ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചുകടത്തുകയാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍

0
78

മമ്മൂട്ടി- പാര്‍വതി തിരുവോത്ത് ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചുകടത്തുകയാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വർ.

സിനിമയില്‍ ദളിത്- പിന്നാക്ക വിഭാഗ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ജാതിവെറിയും ദുരഭിമാനകൊലയും വിഷയമായ നിരവധി നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം മേയ് 12നാണ് റിലീസ് ചെയ്തത്.

‘സിനിമയില്‍ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ സിനിമ ബ്രാഹ്മണ സമൂഹം മുഴുവന്‍ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണ്. എല്ലാ സമുദായങ്ങളിലും തീവ്രസ്വഭാവക്കാരുണ്ട്. ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ് ഗോഡ്‌സെ. എന്നാല്‍ ഗോഡ്‌സെയെ 99 ശതമാനം ബ്രാഹ്മണരും അനുകൂലിക്കുന്നില്ല. പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചുകടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമോ’- രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

‘പുഴുവില്‍ ഒരു രംഗമുണ്ട്. അതിലെ കഥാപാത്രം പറയുന്നത് എസ് സി, എസ് ടി ആക്‌ട് പ്രകാരം വേണമെങ്കില്‍ കേസ് കൊടുക്കാമെന്നാണ്. അതിനര്‍ത്ഥം വേണമെങ്കില്‍ കള്ളക്കേസ് കൊടുക്കാമെന്ന്. ഇദ്ദേഹത്തിന്റെയും പാര്‍വതിയുടെ കഥാപാത്രത്തിന്റെയും സൗന്ദര്യത്തെവച്ച്‌ മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്ബോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതികാരണമാണെന്ന് പറ‌ഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ് സി, എസ് സി ആക്ടിന്റെ ദുരുപയോഗമാണ്. മമ്മൂട്ടി ഗംഭീരമായി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന പേരില്‍ എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരിവാരിത്തേക്കുന്നത് ശരിയല്ല’- രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

അതേസമയം, പുഴു സിനിമയ്ക്കെതിരെ സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തി. വലതുരാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ പുഴു സിനിമയ്ക്കെതിരെ ഫേസ്ബുക്കില്‍ പങ്കുവച്ച വിമര്‍ശന കുറിപ്പില്‍ സംവിധായകന്‍ പരിഹാസ കമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഒച്ച്‌ എന്നൊരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നു എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിലാണ് പരിഹാസ രൂപേണ സംവിധായകന്‍ കമന്റ് ചെയ്തത്. പോസ്റ്റിനോട് പൂര്‍ണമായി യോജിക്കുന്നുവെന്നും താന്‍ ബോംബെയില്‍ സംസ്‌കാര്‍ ഭാരതിയുടെ സെമിനാറിലാണെന്നും അതുകൊണ്ട് ഒരു പുഴുവിനെയും കണ്ടില്ലെന്നുമാണ് മേജര്‍ രവി പറഞ്ഞത്. മുംബൈ സര്‍വകലാശാലയുടെ കലിന ക്യാമ്ബസില്‍ നടന്ന ദേശീയ സെമിനാറില്‍ പ്രാസംഗികനായിട്ടാണ് മേജര്‍ രവി പങ്കെടുത്തത്.