Wednesday
17 December 2025
31.8 C
Kerala
HomeIndiaഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റിലായ ദില്ലി സർവ്വകലാശാല അധ്യാപകന് ജാമ്യം

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റിലായ ദില്ലി സർവ്വകലാശാല അധ്യാപകന് ജാമ്യം

ദില്ലി: ഗ്യാൻവാപി മസ്ജിദ് (Gyanvapi Case) വിഷയത്തിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റ് ചെയ്ത ദില്ലി സർവ്വകലാശാല അധ്യാപകൻ രത്തൻ ലാലിന് ജാമ്യം അനുവദിച്ചു. ഗ്യാൻവാപി വിഷയത്തിലെ ട്വീറ്റിൻറെ പേരിൽ ഇന്നലെയാണ് രത്തൻലാലിനെ അറസ്റ്റു ചെയ്തത്.
ദില്ലി ഹിന്ദു കോളേജിലെ ചരിത്രാധ്യാപകനാണ് രത്തൻ ലാൽ. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെക്കുറിച്ച്  രത്തന്‍ ലാല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 153(A), 295(A) എന്നീ വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തുക, ഭിന്നതയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദില്ലി നോര്‍ത്ത് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ദില്ലി സ്വദേശിയായ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയത്. ശിവലിംഗത്തെക്കുറിച്ച് അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. 
ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്ക് മുന്നിലുള്ള വിഷയവുമാണെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. പോസ്റ്റിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് രത്തൻ ലാൽ നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് ദില്ലി സർവകലാശാലയിലെ അധ്യാപക വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രത്തൻ ലാലിന്‍റെ അറസ്റ്റിനെ കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ് അപലപിച്ചു.  അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശം രത്തൻ ലാലിനുണ്ടെന്നും ദ്വിഗ്‍വിജയ് സിങ് ട്വീറ്റ് ചെയ്തു. ഗ്യാൻവാപി മസ്ജിദിനെക്കുറിച്ചുള്ള കേസ് വാരണാസി സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ടിന് ഇതുവരെ സ്ഥിരീകരണമില്ല. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ പേരിലുള്ള ആദ്യ അറസ്റ്റാണിത്. 
 

RELATED ARTICLES

Most Popular

Recent Comments