മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 62ാം പിറന്നാള്‍

0
57

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. മോഹന്‍ലാല്‍ എന്ന പേരിന് മലയാളിക്ക് ഒരു അര്‍ത്ഥമേയുള്ളു.വെള്ളിത്തിരയില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രതിനിധാനം..

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകളിലെ സോളമന്‍, കീരിടത്തിലെ സേതുമാധവന്‍, ടി പി ബാലഗോപാലന്‍ എം.എയിലെ ബാലഗോപാലന്‍, ഭരതത്തിലെ ഗോപി, ഭ്രമരത്തിലെ ശിവന്‍കുട്ടി, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, സ്ഫടികത്തിലെ ആടുതോമ, ചിത്രത്തിലെ വിഷ്ണു, രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസ്, പഞ്ചാഗ്‌നിയിലെ റഷീദ്, തന്മാത്രയിലെ രമേശന്‍ നായര്‍, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, ദൃശ്യത്തിലെ ജോര്‍ജ്ജൂട്ടി… മോഹന്‍ലാലിന്റെ ഒരു കഥാപാത്രത്തിന്റെയെങ്കിലും പ്രതിബിംബമാകാത്ത മലയാളിയുണ്ടോ എന്നതില്‍ സംശയമാണ്.
വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമുള്ള മോഹന്‍ലാലിന്റെ ജൈത്രയാത്രയ്‌ക്കൊപ്പമാണ് മലയാള സിനിമ അതിന്റെ സുവര്‍ണഘട്ടം അടയാളപ്പെടുത്തിയത്.

42 വര്‍ഷങ്ങള്‍… 400 റോളം സിനിമകള്‍. എത്രയോ താരോദയങ്ങളും അസ്തമയങ്ങളും കണ്ട ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് ഇന്നും പത്തരമാറ്റ് തന്നെ. അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്‌സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയല്‍ സേനയില്‍ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ കരുതലിന്റെ കൈ പിടിക്കുന്ന മഹാനടന്‍. മലയാളത്തിനായി ഇനിയും നിറയണം ഭാവങ്ങളുടെയും ജീവിതത്തിന്റെയും ആ മഹാസാഗരം.