റെക്കോഡ് നേട്ടം കൈവരിച്ച്‌ ഇന്ത്യയുടെ വാര്‍ഷിക വിദേശ ധനനിക്ഷേപം

0
50

ന്യൂഡല്‍ഹി: റെക്കോഡ് നേട്ടം കൈവരിച്ച്‌ ഇന്ത്യയുടെ വാര്‍ഷിക വിദേശ ധനനിക്ഷേപം. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 83.57 ബില്യണ്‍ ഡോളറാണ് എഫ് ഡി ഐയിലൂടെ ഇന്ത്യയില്‍ എത്തിയതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, 2020-21 സാമ്ബത്തിക വര്‍ഷം 81.97 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെത്തിയത്. ഉത്പാദന മേഖലയിലാണ് നിക്ഷേപ വര്‍ദ്ധന ഏറെയുണ്ടായത്.

2020-21 സാമ്ബത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ (12.09 ബില്യണ്‍ ഡോളര്‍) 76 ശതമാനം വര്‍ദ്ധനയാണ് 2021-22 ഈ മേഖലയില്‍ മാത്രം ഉണ്ടായത്. 21.34 ബില്യണ്‍ ഡോളറാണ് ഇത്തവണ ഉത്പാദന മേഖലയിലേക്കെത്തിയത്.

ഉത്പാദന മേഖലയില്‍ വിദേശ നിക്ഷേപത്തിന് മുന്‍ഗണന നല്‍കുന്ന രാജ്യമായി ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് എഫ് ഡി ഐ ലഭിച്ച പ്രധാന സംസ്ഥാനങ്ങള്‍. ആകെ നിക്ഷേപത്തിന്റെ 38 ശതമാനവും നേടിയത് കര്‍ണാടകയാണ്.

കമ്ബ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഹാര്‍ഡ്‌വെയര്‍ മേഖലകളിലാണ് നിക്ഷേപം ഏറെയുണ്ടായത്. സേവനവും ഓട്ടൊമൊബൈല്‍ വ്യവസായവുമാണ് നിക്ഷേപകരെ ഏറെ ആകര്‍ഷിച്ച മറ്റ് മേഖലകളെന്നും മന്ത്രാലയം വ്യക്തമാക്കി.

ആകെ നിക്ഷേപത്തില്‍ 27 ശതമാനവും സിംഗപൂരിന്റേതാണ്. 18 ശതമാനത്തോടെ അമേരിക്കയും, 16 ശതമാനത്തോടെ മൗറീഷ്യസും തൊട്ടുപിന്നാലെയുണ്ട്.

വ്യവസായങ്ങള്‍ എളുപ്പമാക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി വിദേശ ധനനിക്ഷേപ നയം കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും ലളിതമാക്കുന്നതിനുമായി വിവിധ മേഖലകളില്‍ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

കല്‍ക്കരി, ഖനനം, കരാര്‍ നിര്‍മാണം, ഡിജിറ്റല്‍ മീഡിയ, സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡിംഗ്, സിവില്‍ ഏവിയേഷന്‍, പ്രതിരോധം, ഇന്‍ഷുറന്‍സ്, ടെലികോം തുടങ്ങിയ മേഖലകളില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.