പഞ്ചനക്ഷത്ര അടുക്കളകളിലെ രുചിരാജാക്കന്മാരില്‍ ഒരാളാവണോ..എങ്കില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരു സര്‍ക്കാര്‍സ്ഥാപനം

0
67

പഞ്ചനക്ഷത്ര അടുക്കളകളിലെ രുചിരാജാക്കന്മാരില്‍ ഒരാളാവണോ.. വന്‍കിടഹോട്ടലുകളില്‍, കപ്പലുകളില്‍, വിമാനത്താവളങ്ങളിലെ വിരുന്നുശാലകളില്‍, വിനോദസഞ്ചാരമേഖലയിലെല്ലാം ജോലി സ്വപ്നം കാണുന്നുണ്ടോ.. എങ്കില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരു സര്‍ക്കാര്‍സ്ഥാപനം തന്നെ സൗകര്യമൊരുക്കുകയാണ്, കേന്ദ്രവിനോദ സഞ്ചാരമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലികൂടി നേടിക്കൊടുക്കുന്ന സ്ഥാപനത്തില്‍ ഇത്തവണയും നൂറുശതമാനമാണ് പ്ലേസ്മെന്റ്.
ചെന്നൈ പാര്‍ക്ക് ഹയാത്ത്, റിലയന്‍സ് റീട്ടെയില്‍, വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള കാസിനോ എയര്‍കാറ്റേഴ്സ്, ക്ലബ്ബ് മഹീന്ദ്ര തുടങ്ങിയ വന്‍കിടസ്ഥാപനങ്ങളിലും കെ.ടി.ഡി.സി, കുമരകം ലേക് റിസോര്‍ട്ട് എന്നിവിടങ്ങളിലെല്ലാമാണ് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ഇത്തവണ 52 പേര്‍ക്കാണ് ജോലി ലഭിച്ചത്. കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ക്കെല്ലാം വന്‍ഡിമാന്‍ഡായതിനാല്‍ കമ്പനികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ആളെ കൊടുക്കാനാവാത്ത അവസ്ഥയാണെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അരുണ്‍ രാഘവ് പറയുന്നു. ഹോട്ടല്‍മാനേജ്മെന്റ് കോഴ്സ് മാത്രം പഠിപ്പിക്കുന്ന സ്ഥാപനമല്ല 14 വര്‍ഷമായി മുന്നേറുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെനിന്ന് മൂന്നുവര്‍ഷത്തെ ബിരുദകോഴ്സോ ഒന്നരവര്‍ഷം നീളുന്ന ഡിപ്ലോമ കോഴ്സോ പൂര്‍ത്തിയാക്കുമ്പോഴേക്കും പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു പ്രൊഫഷണല്‍ ഷെഫാകാനുള്ള മികവുനേടും. ബി.എസ്.സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥി 90 സെറ്റ് വിഭവങ്ങളുണ്ടാക്കി പഠിക്കും.
ഡിപ്ലോമക്കാരന്‍ ഇരുനൂറ്റമ്പതോളം വിഭവങ്ങളുടെ രുചിരഹസ്യങ്ങളാണ് സ്വന്തമാക്കുന്നത്. ബിരുദ വിദ്യാര്‍ഥി ഒന്നാംവര്‍ഷം വിവിധ ലോകരാജ്യങ്ങളിലെ ഭക്ഷണമുണ്ടാക്കി പഠിക്കും. രണ്ടാംവര്‍ഷം ഇന്ത്യന്‍ വിഭവം, മൂന്നാം വര്‍ഷം അറേബ്യന്‍, മെഡിറ്ററേനിയന്‍, ഇറ്റാലിയന്‍ അങ്ങിനെ നീളുന്നു പട്ടിക. പാചകം പഠിക്കാനായി എല്ലാ സജ്ജീകരണവുമുള്ള ആറ് അടുക്കളകളുണ്ട്. രണ്ടു റെസ്റ്റോറന്റുകളും. എല്ലാം സ്മാര്‍ട്ട് ക്ലാസ് റൂമുകളുമാണ്.
ബിരുദവിദ്യാര്‍ഥിക്ക് നാലുമാസം വന്‍കിടസ്ഥാപനങ്ങളില്‍ പരിശീലനം നേടാം. ഡിപ്ലോമക്കാര്‍ക്ക് ആറുമാസവും. ഈ പരിശീലനം കഴിയുന്നതോടെ പലരും ആ സ്ഥാപനത്തിന്റെ ഭാഗമാവും. കാമ്പസിനോട് ചേര്‍ന്നുതന്നെ ഹോസ്റ്റല്‍സൗകര്യവുമുണ്ട്. വിദേശത്ത് തൊഴിലവസരങ്ങള്‍ നേടുന്നവരെക്കൂടി ലക്ഷ്യംവെച്ച് ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്നുണ്ട്. ഭാഷാപരിമിതി മറികടക്കാനായി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും പഠിപ്പിക്കുന്നു. എല്ലാ ദിവസവും പരിശീലനക്ലാസുണ്ടെന്നതാണ് പ്രത്യേകത. അറുപതുശതമാനം പ്രാക്ടിക്കലും 40 ശതമാനം തിയറിയുമാണ് പഠനരീതി.