കേരളത്തിൽ ഇന്നും ശക്തമായ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

0
70

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ ജാഗ്രത.

മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നീരൊഴുക്ക് ശക്തമായതിനാൽ ഇന്ന് രാവിലെ 9ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വരെയാണ് ഉയർത്തുന്നത്. സമീപവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കനത്തമഴയാണ് ഇതുവരെ ലഭിച്ചത്. ഇതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി.

സംസ്ഥാനത്ത് 22ാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.