അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാല്‍ അഞ്ച് ലക്ഷം രൂപ സമ്മാനം

0
62

ലണ്ടന്‍: അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാല്‍ അഞ്ച് ലക്ഷം രൂപ സമ്മാനം. അവിശ്വസനീയമെന്ന് തോന്നുന്ന ഈ ഓഫര്‍ വ്യാജമാണെന്ന് കരുതേണ്ട.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് ഡോഗ് ഫുഡ് കഴിച്ചാല്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം നല്‍കുന്നത്.

കമ്ബനി ഉല്‍പാദിപ്പിക്കുന്ന ഡോഗ് ഫുഡ് കഴിച്ചു നോക്കുകയാണ് ചുമതല. അഞ്ച് ദിവസം തുടര്‍ച്ചയായി കഴിക്കണം. ഡോഗ് ഫുഡ് രുചിച്ചുനോക്കുന്ന ഉദ്യമത്തില്‍ ഏര്‍പ്പെട്ടാല്‍ അദ്ദേഹത്തിന് അനുഭവപ്പെടുന്ന കാര്യങ്ങള്‍ പങ്കുവെക്കണം. ആഹാരത്തിന്റെ രുചി, കഴിക്കുമ്ബോള്‍ എന്ത് തോന്നുന്നു, എനര്‍ജി ലെവല്‍ എത്രമാത്രമുണ്ട്, മാനസിക നില എപ്രകാരമാകുന്നു തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തണം.

യുകെയുടെ ഒ.എം.എന്‍.ഐ (ഒമ്‌നി) എന്ന കമ്ബനിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ജോലിയിലേക്ക് നിലവില്‍ ഒരാളുടെ ഒഴിവ് മാത്രമാണുള്ളതെന്നും കമ്ബനി പ്രത്യേകം പരാമര്‍ശിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രത്യേകിച്ച്‌ യോഗ്യതകള്‍ ഒന്നും ആവശ്യമില്ലെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അലര്‍ജിയുള്ളവര്‍ അപേക്ഷിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. യുകെയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഒമ്‌നി എന്ന കമ്ബനി പ്രധാനമായും സസ്യാഹാരങ്ങള്‍ ഉപയോഗിച്ച്‌ ഡോഗ് ഫുഡ് ഉല്‍പാദിപ്പിക്കുന്നവരാണ്. മധുരക്കിഴങ്ങ്, പയര്‍, അരി, മത്തങ്ങ, ബ്ലൂബെറി, കടല, ക്രാന്‍ബെറി എന്നിവയാണ് ഡോഗ് ഫുഡിലെ പ്രധാന ഘടകങ്ങള്‍.

അതുകൊണ്ട് തന്നെ മനുഷ്യര്‍ക്ക് ഭക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഒമ്‌നി കമ്ബനി ഡോഗ് ഫുഡ് ഉണ്ടാക്കുന്നതെന്ന് സഹസ്ഥാപകന്‍ ശിവ് ശിവകുമാര്‍ പറയുന്നു. മനുഷ്യന് വേണ്ടാത്ത ആഹാര പദാര്‍ത്ഥങ്ങളോ ബാക്കിവന്ന ഭക്ഷണമോ ചേര്‍ത്തിട്ടല്ല തങ്ങള്‍ ഡോഗ് ഫുഡ് ഉല്‍പാദിപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഇത് രുചിച്ച്‌ നോക്കാന്‍ മനുഷ്യരെ തന്നെ നിയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.