താനൊരു ക്രിപ്റ്റോ കറൻസി നിക്ഷേപകനല്ല എന്ന് വ്യക്തമാക്കി ശതകോടീശ്വരൻ ബിൽ ഗേറ്റ്‌സ്

0
76

താനൊരു ക്രിപ്റ്റോ കറൻസി (cryptocurrency) നിക്ഷേപകനല്ല എന്ന് വ്യക്തമാക്കി ശതകോടീശ്വരൻ ബിൽ ഗേറ്റ്‌സ് (Bill Gates). മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ലോക സമ്പന്നരിൽ നാലാം സ്ഥാനത്തുമുള്ള ബിൽ ഗേറ്റ്‌സ്, ക്രിപ്‌റ്റോയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോ സമൂഹത്തിലേക്ക് എത്തിച്ചേരുന്ന നിക്ഷേപമല്ലെന്നും ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. റെഡിറ്റിലെ അഭിമുഖ വേളയിൽ ബിറ്റ്കോയിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബിൽ ഗേറ്റ്‌സിന്റെ പ്രതികരണം.  
ഇതാദ്യമായല്ല  ബിൽ ഗേറ്റ്സ് ഡിജിറ്റൽ കറൻസിക്കെതിരെ സംസാരിക്കുന്നത്. ക്രിപ്‌റ്റോകറൻസിയോട് ബിൽ ഗേറ്റ്സ് നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഒരിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു 
ലോകത്തെ ഊർജ്ജ ഉപഭോഗത്തിന്റെ വലിയൊരു പങ്ക് വഹിക്കുന്ന ക്രിപ്‌റ്റോ ഏൽപ്പിക്കുന്ന പാരിസ്ഥിതിക ആഘാതത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. 2021-ൽ, ആഗോളതലത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 5 ശതമാനം ഉപയോഗിച്ചത് ക്രിപ്‌റ്റോ മൈനിംഗിന് വേണ്ടി ആയിരുന്നു.
ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിനെ അപേക്ഷിച്ച് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്ന് ബിൽ ഗേറ്റ് വ്യക്തമാക്കി. കമ്പനികളുടെ മൂല്യം അവർ എങ്ങനെ മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ക്രിപ്റ്റോയുടെ മൂല്യം എന്നുപറയുന്നത് അങ്ങനെയല്ല. അതിനു നിങ്ങൾ എത്ര പണം നൽകണമെന്ന് തീരുമാനിക്കുന്നത് മറ്റൊരാൾ ആയിരിക്കും എന്നും ബിൽ ഗേറ്റ് ചൂണ്ടിക്കാട്ടി. 
ക്രിപ്‌റ്റോ താഴേക്ക് കൂപ്പുകുത്തുന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഗേറ്റ്‌സിന്റെ പ്രസ്താവന. മെയ് മാസത്തിൽ ബിറ്റ്‌കോയിന്റെ വില ഒരു ഷെയറിന് 30,000 ഡോളറിൽ താഴെയായിരുന്നു.ഇത് ഇനിയും കുറയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്