ആലപ്പുഴ: ഫോട്ടോഗ്രാഫി പാഷാനായ നിരവധി പേർ നമുക്കിടയിൽ ഉണ്ട്. ഫോണിലും ക്യാമറയിലും തങ്ങളുടെ ഇഷ്ടചിത്രങ്ങളും കാഴ്ചകളും പകർത്താൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വളരെ വിലയേറിയ ക്യാമറകൾ മുതൽ ഫോണുകൾ വരെ ഫോട്ടോഗ്രാഫിയ്ക്കായി ഉപയോഗിക്കുന്നു. ഫോട്ടോഗ്രാഫിയുടെ സാധ്യതകളും വളർച്ചയും ഇന്ന് ഏറെ മുന്നിൽ എത്തിനിൽക്കുന്നു.
ഇന്ന് ഫോണുകൾ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫി ഇഷ്ടപെടുന്ന ആർക്കും എല്ലാ പരിമിതികളെയും മറികടന്ന് പഠിച്ചെടുക്കാവുന്ന അല്ലെങ്കിൽ സ്വന്തമാക്കാവുന്ന ഒന്നായി ഫോട്ടോഗ്രാഫി മാറിയിരിക്കുകയാണ്. ഇന്ന് തങ്ങളുടെ ഫോട്ടോകൾ പ്രചരിപ്പിക്കാൻ നിരവധി പ്ലാറ്റ്ഫോമുകളും ലഭ്യമാണ്. ആളുകൾക്കിടയിൽ അംഗീകാരവും ഫോട്ടോകൾക്ക് ശ്രദ്ധയും ലഭിക്കുമ്പോൾ ഇത് ആളുകൾക്ക് കൂടുതൽ പ്രചോദനമാകുന്നു.
ഐഫോൺ ഉപയോഗിച്ച് പകർത്തുന്ന ഫോട്ടോഗ്രഫുകൾ ഫീച്ചർ ചെയ്യുന്ന ആപ്പിളിന്റെ ഏകദേശം 3 കോടിയോളം ഫോളോവേർസ് ഉള്ള ഇൻസ്റ്റാഗ്രാം പേജിൽ ഒരു ആലപ്പുഴക്കാരന്റെ ഫോട്ടോ ഫീച്ചർ ചെയ്തിരിക്കുകയാണ് ആപ്പിൾ. ആലപ്പുഴക്കാരൻ സഹീർ യാഫി എന്ന ചെറുപ്പക്കാരൻ എടുത്ത് ചിത്രമാണ് ആപ്പിൾ. തന്റെ ചിത്രം ആപ്പിൾ ഫീച്ചർ ചെയ്തതിന്റെ സന്തോഷത്തിലാണ് സഹീർ. ആലപ്പുഴയിൽ വസ്ത്രവ്യാപാരിയാണ് സഹീർ യാഫി. ഒപ്പം ഫോട്ടോഗ്രാഫിയോട് അതിയായ ഇഷ്ടവും. അത് കൊണ്ട് തന്നെ ബിസിനസ്സ് തിരക്കുകൾക്കിടയിലും സഹീർ പാർട്ട് ടൈം ഫോട്ടോഗ്രാഫറായും ജോലി ചെയ്യാറുണ്ട്. അതിനായി നിരവധി യാത്രകളും സഹീർ ചെയ്യാറുണ്ട്. ഇപ്പോൾ ആപ്പിൾ ഫീച്ചർ ചെയ്തിരിക്കുന്ന ചിത്രവും ആലപ്പുഴയിൽ നിന്ന് എടുത്തതാണ് എന്നതും ഏറെ സന്തോഷം നൽകുന്ന ഒന്നാണെന്ന് സഹീർ പറയുന്നു. ആലപ്പുഴയിലെ കഫേ കാറ്റമാരൻ എന്ന സ്ഥാപനത്തിൽ വെച്ചാണ് ഈ ചിത്രം പകർത്തിയത്.