തൃശ്ശൂർ: പകൽപൂരത്തിന് തലേന്ന് പെയ്ത മഴയിൽ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും. കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ 3.30 വരെയാകും വെടിക്കെട്ട് നടത്തുക. മെയ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പലതവണ മാറ്റിവെയ്‌ക്കുകയായിരുന്നു. പൂരത്തിന് തലേദിവസം പെയ്ത മഴയെ തുടർന്ന് വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളിലടക്കം വെള്ളം കയറി.
ഇതോടെ ഇതേദിവസം വൈകുന്നേരം എഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ തോരാതെ മഴ തുടർന്നതോടെ വെടിക്കെട്ട് വീണ്ടും മാറ്റുകയായിരുന്നു. 15ന് വെടിക്കെട്ട് നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും 14ന് വൈകുന്നേരം ആറരയ്‌ക്ക് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് എത്തി. തുടർന്നുള്ള ദിവസങ്ങളിലും കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് വീണ്ടും മാറ്റിവെയ്‌ക്കാൻ അധികൃതർ തയ്യാറാവുകയായിരുന്നു.
നിലവിൽ വെടിക്കെട്ട് സാമഗ്രികളെല്ലാം സുരക്ഷിതമായി പോലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ മൂലം കഴിഞ്ഞ രണ്ടുവർഷവും തൃശൂർ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കുശേഷം നടന്ന പൂരം കാണാൻ പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടയിലാണ് മഴ പൂരത്തിന്റെ മുഖ്യ ആകർഷണമായ വെടിക്കെട്ടിന് തടസമായത്. ഇതിന്റെ നിരാശയിലായിരുന്നു പൂരപ്രേമികൾ .