കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍റെ മോചനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി

0
83

ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍റെ മോചനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പേരറിവാളന്‍ കേസും സുപ്രീംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. മണിച്ചന്‍റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 
31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. 31 പേർ മരിച്ച ദുരന്തത്തിൽ  ആറു പേർക്ക് കാഴ്ച പോയി. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. കേസിൽ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിതരണക്കാരി ഹൈറുന്നീസ 2009 ൽ ശിക്ഷ അനുഭവിക്കവേ മരിച്ചു. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. മണിച്ചൻ 20 വർഷം തടവ്  പൂർത്തിയാക്കിയ മണിച്ചനെ  മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.