എട്ടുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം രണ്ടുപേര്‍ മരിക്കാന്‍ കാരണമായ അപകടം: കാരണം അധികൃതരുടെ അനാസ്ഥ

0
63

തൊടുപുഴ: മൂന്നാര്‍ ഗ്യാപ് റോഡില്‍ എട്ടുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം രണ്ടുപേര്‍ മരിക്കാന്‍ കാരണമായ അപകടത്തിന് പിന്നിൽ ദേശീയപാത അധിക്യതരുടെ അശ്രദ്ധയെന്ന് ആരോപണം. റോഡ് പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും മഞ്ഞ് മൂടിക്കിടക്കുന്ന പാതയോരങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് രണ്ടുപേരുടെ മണിത്തിലേക്ക് വഴിതെളിച്ചതെന്ന് ആരോപണമുയർന്നു.

പകൽ സമയം പോലും തൊട്ടടുത്ത് നില്‍ക്കുന്ന ആളെ പോലും കാണാത്തവിധം മഞ്ഞുമൂടിക്കിടക്കുന്ന മേഖലയാണിത്. നേരത്തെ ഒരുവാഹനം മാത്രം കടന്നുപോയിരുന്ന ഭാഗങ്ങളില്‍ വീതി കൂട്ടിയതോടെ കൂടുതൽ വാഹനങ്ങൾക്ക് പോകാമെന്നായി. മൂന്നാര്‍ മുതല്‍ പൂപ്പാറവരെയുള്ള ഭാഗത്തെ ദേശീയപാത വികസനത്തിന്റെ നിര്‍മ്മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍ വീതി വര്‍ധിപ്പിച്ച അപകടം പതിയിരിക്കുന്ന മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.

പകല്‍ നേരങ്ങളില്‍ പോലും വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത ഗ്യാപ്പ് റോഡില്‍ രാത്രികാല യാത്ര വളരെ ദുഷ്‌കരമാണെന്ന് പ്രദേശവാസിയായ എപി രാജ പറയുന്നു. വാഹനത്തില്‍ നിന്നും തല പുറത്തേക്കിട്ടാണ് പകല്‍ നേരങ്ങളില്‍ യാത്ര നടത്തുന്നത്. ഇത്രയും ദുഷ്‌കരമായ മേഖലയില്‍ റോഡും കൊക്കയും തിരിച്ചറിയാത്തതാണ് കഴിഞ്ഞ ദിവസം സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമായത്. പാതയോരത്ത് പെട്ടിക്കട ഇരിക്കുന്ന ഭാഗത്താണ് റോഡെന്ന് കരുതി വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തില്‍ അപകടം തുടര്‍ക്കഥയാകുകതന്നെ ചെയ്യും.