ആമസോണിൽ ഒരു കോടി രൂപ വാർഷിക ശമ്പളമുളള ജോലി നേടി എസ്ആർഎം വിദ്യാർത്ഥി

0
144

ദില്ലി: ആമസോണിൽ ഒരു കോടി രൂപ വാർഷിക ശമ്പളമുളള ജോലി നേടി എസ്ആർഎം വിദ്യാർത്ഥി.  എസ്.ആര്‍.എം. കല്പിത സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രോണിക്സ് ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് കോഴ്‌സ് കഴിഞ്ഞ പുരന്‍ജെ ആണ് വൻ ശമ്പളത്തിൽ‌ ജോലി നേടിയ വിദ്യാർത്ഥി. കാമ്പസ് അഭിമുഖത്തിലൂടെയാണ് ഹിമാചൽപ്രദേശ് സ്വദേശിയായ പുരൻജെയെ ആമസോൺ തെരഞ്ഞെടുത്തത്.
എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 10,000-ത്തിലധികം വിദ്യാർത്ഥികൾക്ക്  ജോലി ഓഫറുകൾ ലഭിച്ചിരുന്നു. 1097 കമ്പനികളാണ് കാമ്പസ് അഭിമുഖത്തിനായി കോളേജിലെത്തിയത്.  ആമസോൺ, പേപാൽ, മോർഗൻ സ്റ്റാൻലി, ഇവൈ ജിഡിഎസ്, ഗൂഗിൾ, സീമെൻസ്, ടിസിഎസ്, വിപ്രോ, എൽ ആൻഡ് ടി കൺസ്ട്രക്ഷൻ, ഫിലിപ്‌സ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികൾ എസ്ആർഎം വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെന്റ് വാഗ്ദാനം ചെയ്ത 1,097 കമ്പനികളിൽ ഉൾപ്പെടുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഓരോ വർഷവും പ്ലേസ്മെന്റ് അവസരങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ചാൻസലർ പരിവേന്ദർ പറഞ്ഞു. 2019 -20 ൽ 7000 വിദ്യാർത്ഥികൾക്കാണ് പ്ലേസ്മെന്റ് ലഭിച്ചത്. കഴിഞ്ഞ വർഷം ഈ കണക്ക് 8000ത്തിലെത്തി. ഈ വർഷം 10000 ആയി. കഴിഞ്ഞ വർഷം നടന്ന കാമ്പസ് അഭിമുഖത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് 50 ലക്ഷം വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. 
എഞ്ചിനീയറിംഗിലെ വിജയകരമായ കരിയറിന് സാങ്കേതിക വൈദഗ്ധ്യവും സോഫ്റ്റ് സ്‌കിൽസും കമ്മ്യൂണിക്കേഷൻ സ്കില്ലും അത്യാവശ്യമാണെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പുരഞ്ജയ് മോഹൻ പറഞ്ഞു. “ഇൻഡസ്ട്രി പ്രതീക്ഷിക്കുന്നതിനു തുല്യമായ എസ്‌ആർ‌എമ്മിലെ കോഴ്‌സ് പാഠ്യപദ്ധതിയാണ് എനിക്ക് മുൻ​ഗണന ലഭിക്കാൻ കാരണമായതെന്ന് ഞാൻ കരുതുന്നു. ഇത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. കോളേജ് പഠനം പൂർത്തിയാക്കി ഒരു കമ്പനിയിൽ ജോലിക്ക് ചേരുമ്പോൾ, വൈദ​ഗ്ധ്യത്തിന്റെ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ, അത് വളരെ കുറവായിരുന്നു. കാരണം ഇൻഡസ്ട്രിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും ട്രെൻഡുകളും പഠിക്കാൻ എനിക്ക് സാധിച്ചിരുന്നു.”  പുരഞ്ജയ് വ്യക്തമാക്കി.