ലക്ഷദ്വീപിൽ കടൽക്ഷോഭം ശക്തം; കൽപേനിയിൽ വെള്ളം കയറി

0
49

കവരത്തി: ലക്ഷദ്വീപിൽ തുടർച്ചയായി പെയ്ത മഴയിൽ കടൽക്ഷോഭം ശക്തമായി. കൽപേനി ദ്വീപിൽ വെള്ളം കയറിയിട്ടുണ്ട്. കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ദ്വീപ് നിവാസികൾക്ക് ലക്ഷദ്വീപ് ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. വരും മണിക്കൂറുകളിൽ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കൽപ്പേനിക്ക് പുറമേ ചേത്തിലാത്ത് ദ്വീപിലും ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നുണ്ട്. ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചെറുബോട്ടുകളെ വരെ എടുത്തുമറിക്കുന്ന തരത്തിലാണ് തിരമാലകൾ അടിച്ചുകയറുന്നത്.

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.