കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ മോചിപ്പിക്കുന്നതിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി

0
73

ഡൽഹി: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതിൽ നാല് ആഴ്ചകൾക്കകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രിംകോടതി. ജസ്റ്റിസ് എഎം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിർദ്ദേശം. മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്നലെ സംസ്ഥാന സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.

മണിച്ചൻ്റെ മോശനം ആവശ്യപ്പെട്ട് ഭാര്യ ഉഷാ ചന്ദ്ര നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദ്ദേശം. പേരറിവാളൻ കേസ് പരാമർശിച്ച കോടതി അത് ഓർമയുണ്ടാവണമെന്നും സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറിന്റെ പരിഗണനയിലാണ്.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.