ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി തയ്യാറാക്കിയ ബോയിങ് സ്റ്റാർ ലൈനർ പേടകത്തിന്റെ വിക്ഷേപണം വിജയകരമായി

0
116

ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി തയ്യാറാക്കിയ ബോയിങ് സ്റ്റാർ ലൈനർ പേടകത്തിന്റെ വിക്ഷേപണം വിജയകരമായി. വ്യാഴാഴ്ച വൈകീട്ട് 6.54 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. യാത്രക്കാരില്ലാതെയാണ് പേടകം വിക്ഷേപിച്ചത്. നേരത്തെ രണ്ട് വിക്ഷേപണ ദൗത്യങ്ങള്‍ പരാജയപ്പെട്ടിരുന്നു.
24 മണിക്കൂര്‍ കൊണ്ട് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയത്തിലെത്തും. നിലയവുമായി പേടകത്തെ ബന്ധിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും. 2019 ഡിസംബറില്‍ നടത്തിയ വിക്ഷേപണത്തില്‍ സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് പേടകം നിലയവുമായി ബന്ധിപ്പിക്കാനായിരുന്നില്ല.
സഞ്ചാരികളുടെ യാത്രയ്ക്ക് വേണ്ടി നാസയുടെ സ്‌പേസ് ഷിപ്പിന്റെ ഉപയോഗം നിര്‍ത്തിയതിന് ശേഷം ഏറെ കാലം നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിരുന്നത് റഷ്യയുടെ സോയൂസ് പേടകത്തിലാണ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉപയോഗത്തില്‍ വന്നതോടെ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കായി അമേരിക്കയ്ക്ക് റഷ്യയെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സ്വകാര്യ കമ്പനികളെ കൂടി പങ്കാളികളാക്കിക്കൊണ്ടാണ് നാസയുടെ ഭാവി ദൗത്യങ്ങളില്‍ പലതും.
സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി താഴെയിറക്കുകയും ചെയ്യാനായാല്‍ മാത്രമേ നാസയുടെ സഞ്ചാരികള്‍ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ എന്ന് യാത്ര ചെയ്യുമെന്ന് പറയാനാവൂ.